ബിഗ് ബില്യണ്‍ ദിനത്തില്‍ സംഭവിച്ച പിഴവുകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ക്ഷമാപണം

ബംഗളൂരു: ബിഗ് ബില്യണ്‍ ഡേയില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഇമെയില്‍. ബിഗ് ബില്യണ്‍ ഡേയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയവര്‍ക്കാണ് ഫ്‌ലിപ്പ്കാര്‍ട്ട് മെയില്‍ അയച്ചത്.

ബിഗ് ബില്യണ്‍ ദിനത്തോടനുബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ച് ഒട്ടേറെ ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഫ്‌ലിപ്പ്കാര്‍ട്ട് ഉപഭോക്താക്കളെ കബളിപ്പിച്ചു എന്ന തരത്തില്‍ വന്‍ പ്രചരണമാണ് നടന്നുവരുന്നത്. ഇതോടെയാണ് ഇമെയില്‍ വിശദീകരണവുമായി ഫ്‌ലിപ്പ്കാര്‍ട്ട് മേധാവികളായ സച്ചിന്‍ ബെന്‍സലും ബിന്നി ബെന്‍സലും രംഗത്തുവന്നത്.

വന്‍ ഓഫറുകളുമായാണ് ഫ്‌ലിപ്പ്കാര്‍ട്ട് തിങ്കളാഴ്ച ബിഗ് ബില്യണ്‍ ഡേ സംഘടിപ്പിച്ചത്. എന്നാല്‍ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാരണം വെബ്‌സൈറ്റ് പലപ്പോഴും തകരാറിലാകുകയും പലര്‍ക്കും സാധനം വാങ്ങാന്‍ സാധിക്കാതെയും വന്നു. പല സാധനങ്ങള്‍ക്കും ഓഫര്‍ പേജില്‍ കാണിച്ച വിലയായിരുന്നില്ല വാങ്ങുന്ന പേജില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച പല സാധനങ്ങളും വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്ക് എന്ന് കാണിക്കുകയുമായിരുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിച്ചവരെ ബുദ്ധിമുട്ടിച്ചതില്‍ നിരാശയുണ്ട്. വിവിധ പ്രമോഷണല്‍ പദ്ധതികള് ആവിഷ്‌കരിച്ചിരുന്നതിനാല്‍ ഏതാനും മണിക്കൂര്‍ സമയത്തേക്ക് ഉല്‍പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഒഴിവാക്കിയുള്ള വില നല്‍കേണ്ടി വന്നു. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിഗ് ബില്യണ്‍ ഡേ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടില്ല. ഈ ദിവസം ഞങ്ങളുടെ വെബ്‌സൈറ്റ് പതിവിലുമേറെ പേര്‍ സന്ദര്‍ശിച്ചു. എന്നാല്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞങ്ങളുടെ സെര്‍വറുകള്‍ക്ക് താങ്ങാവുന്നതിലേറെയായിരുന്നു വെബ്‌സൈറ്റിലെ സന്ദര്‍ശകരുടെ തള്ളിക്കയറ്റം. മെയിലില്‍ പറയുന്നു.

പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Top