ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തന്മാരായ ബാഴ്‌സലോണയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി. സെല്‍റ്റാ വിഗോയാണ് ബാഴ്‌സലോണയെ തോല്‍പിച്ചത്. ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. ബോള്‍ പൊസഷനിലും കളിമികവിലും മികച്ചു നിന്നെങ്കിലും മെസ്സിയും നെയ്മറും സുവാരസുമടങ്ങുന്ന ടീമിന് ഗോള്‍നേടാനായില്ല. അന്‍പത്തിയഞ്ചാം മിനിറ്റില്‍ ലാറിവേയാണ് സെല്‍റ്റാവിഗോയുടെ വിജയ ഗോള്‍ നേടിയത്.

അതേസമയം റയല്‍മാഡ്രിഡ് ഗ്രാനഡെയെയും അത്‌ലറ്റികോ മാഡ്രിഡ് കോര്‍ഡോബയെയും പരാജയപ്പെടുത്തി. ജയത്തോടെ ബാഴ്‌സയെ പിന്തള്ളി റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ ഗ്രാനഡയെ തകര്‍ത്ത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്‌കോര്‍ ചെയ്തു. ബെന്‍സേമയുടെ പാസില്‍ നിന്നായിരുന്നു റോണോയുടെ ഗോള്‍. സീസണില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ പതിനേഴാമത്തെ ഗോളാണിത്.

കൊര്‍ഡോബയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പിച്ചു. അത്‌ലറ്റികോയ്ക്ക് വേണ്ടി ഗ്രീസ്മാന്‍ ഇരട്ടഗോള്‍ നേടി.

പത്ത് മത്സരങ്ങളില്‍ നിന്ന് 24 പോയിന്റായ റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 23 പോയിന്റുള്ള അത്‌ലറ്റികോയാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബാഴ്‌സ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Top