ന്യൂഡല്‍ഹി: ബാലവേല നിയമ ഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി. ഇനിമുതല്‍ 14 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് അപകട രഹിതമായ കുടുംബ ബിസിനസുകളില്‍ ജോലി ചെയ്യാമെന്ന് നിയമത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും സീരിയല്‍, സിനിമ മേഖലകളില്‍ കുട്ടികള്‍ക്കു ജോലി ചെയ്യാം. വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഒരുമിച്ചു കൊണ്ടുപോകുന്നതിനും രാജ്യത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരായ ശിക്ഷ ആറു മാസം തടവ് എന്നതു രണ്ടു വര്‍ഷമായും പിഴ 20,000 രൂപ എന്നത് 50,000 രൂപയാക്കിയും ഉയര്‍ത്തി.


