ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ബാറുടമകള്‍ നിര്‍ബന്ധിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി.
കോടതിയില്‍ ഹാജരാകുന്നതിനായി അനുമതി തേടി നിയമമന്ത്രി സദാനന്ദ ഗൗഡയ്ക്കു റോഹ്ത്തഗി നല്‍കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാകുന്നതു കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമല്ലെന്നും കത്തില്‍ പറയുന്നു.
ഫോര്‍ സ്റ്റാര്‍ ബാര്‍ ഉടമകള്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
വരുന്ന ജൂലൈ 28-നു കേസില്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി ഹാജരാകുന്നതു പ്രധാനമന്ത്രി ഇടപെട്ടു തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ എ.ജി ഹാജരാകരുതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോടു കത്തിലൂടെ ആവശ്യപ്പെടുന്നു.


