തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണോയെന്ന കാര്യത്തില്‍ ഈ മാസം 16നകം തീരുമാനമറിയിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, സെക്രട്ടറി എം.ഡി.ധനേഷ്, കൃഷ്ണദാസ് പോളക്കുളം എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
രണ്ടു മാസത്തെ സമയം വേണമെന്നായിരുന്നു ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ബാറുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. നേരത്തേ നുണപരിശോധന വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്നായിരുന്നു ബാറുടമകളുടെ നിലപാട്. ഈ സാഹചര്യത്തില്‍ കോടതി നേരിട്ട് അഭിപ്രായം ആരായുകയായിരുന്നു.
ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി ഈ മാസം 11ന് ഹാജരായി നിലപാട് അറിയിക്കാന്‍ കോടതി അമ്പിളിക്ക് നിര്‍ദ്ദേശം നല്‍കി.


