തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം നാളെ തുടങ്ങാനിരിക്കെ കോണ്‍ഗ്രസിലും യുഡിഎഫിലും തര്‍ക്കങ്ങള്‍. തങ്ങളുടെ വിഭാഗത്തിലെ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നു ചിത്രീകരിക്കാന്‍ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. കെ.എം.മാണിക്കെതിരായ നീക്കങ്ങളാണ് കെ.ബാബുവിനെതിരേ തിരിച്ചടിച്ചതെന്നാണ് ഇതിന് ഐഗ്രൂപ്പിന്റെ മറുപടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ നടന്ന നീക്കങ്ങളാണു ബാര്‍ കോഴ കേസിന് ആധാരമെന്നും അതുകൊണ്ടു തന്നെ ഐ ഗ്രൂപ്പിനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പ്രമുഖ നേതാക്കള്‍ വിശദീകരിക്കുന്നു.
സര്‍ക്കാരില്‍ മുഴുവന്‍ അഴിമതിയാണെന്നു ചിത്രീകരിച്ച് നേതൃമാറ്റ ആവശ്യം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ഗൂഢനീക്കങ്ങളുണ്ടെന്ന പരാതിയുമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ഐ ഗ്രൂപ്പിന്റെ ആസൂത്രിത നീക്കം തടയണമെന്നാണ് ഇവരുടെ ആവശ്യം. എ.കെ.ആന്റണിയോട് എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തി. ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റതു മുതല്‍ വിജിലന്‍സിനെ ഉപയോഗിച്ച് ആക്രമണം നടത്തുന്നുവെന്ന പരാതിയും എ ഗ്രൂപ്പിനുണ്ട്.
പരാതികള്‍ പറഞ്ഞിട്ടും നിലപാടെടുക്കുന്നില്ലെന്നാണു കെപിസിസി എഗ്രൂപ്പിന്റെ മറ്റൊരു പരാതി. ഐ ഗ്രൂപ്പും കെപിസിസി നേതൃത്വത്തിനെതിരേ സമാനമായ പരാതി തന്നെ ഉന്നയിക്കുന്നു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിനെ പ്രത്യേകിച്ച് കെ.എം.മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നപ്പോള്‍ പ്രതിരോധിച്ചില്ലെന്ന പരാതിയും ഐ ഗ്രൂപ്പ് ഉന്നയിക്കുന്നു. കൈവിട്ട ഈ നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ഐ ഗ്രൂപ്പ് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.


