തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേക അന്വേഷണമില്ല. നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ബാബുവിനെതിരായ ആരോപണവും പരിശോധിച്ചാല്‍ മതിയെന്ന നിലപാടിലാണ് വിജിലന്‍സ്.
അതേസമയം ബിജുരമേശ് നല്‍കിയ രഹസ്യമൊഴിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൊഴിയില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടോയെന്നു പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനുശേഷം പ്രത്യേക അന്വേഷണം വേണമോയെന്ന് വിജിലന്‍സ് തീരുമാനിക്കുമെന്നുമാണ് അറിയുന്നത്.
ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് മന്ത്രി ബാബു കോഴ വാങ്ങിയെന്ന ആരോപണമുള്ളത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി 10 കോടി രൂപ ബാറുടമകളില്‍നിന്ന് മന്ത്രി ബാബു കൈപ്പറ്റിയതായാണ് ബിജു രമേശ് നല്‍കിയ മൊഴിയിലുള്ളത്. ബിജുരമേശ് നല്‍കിയ രഹസ്യമൊഴി കഴിഞ്ഞദിവസം പുറത്തായിരുന്നു.


