ബാര്‍ കോഴക്കേസ്: മന്ത്രി കെ.എം. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാത്രി കോവളം ഗസ്റ്റ് ഹൗസില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. കേസുമായി ബന്ധപ്പെട്ടു വിജിലന്‍സ് സംഘം 310 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യങ്ങളാണു ധനമന്ത്രിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. എസ്പി ആര്‍. സുകേശനാണു മാണിയെ ചോദ്യം ചെയ്തത്.

പല സന്ദര്‍ഭങ്ങളിലും ബാര്‍ ഹോട്ടല്‍ ഉടമകളെ കണ്ടിട്ടുണ്ടെന്നു മാണി വിജിലന്‍സിനു മൊഴി നല്‍കിയതായാണു റിപ്പോര്‍ട്ട്. എന്നാല്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ പണം നല്‍കിയെന്ന കാര്യം മാണി നിഷേധിച്ചു. ബാര്‍ കോഴക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണു മാണിയെ ചോദ്യം ചെയ്തതിലൂടെ പൂര്‍ത്തിയായിരിക്കുന്നത്. ഇനി ചില ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ട് മാത്രമാണു കേസില്‍ ലഭിക്കാനുള്ളത്. അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

നേരത്തെ മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. മാണിക്കു പണം കൈമാറുന്നതു കണ്ടെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ പരിശോധനയ്ക്കു പിന്നാലെയാണു മാണിയെ ചോദ്യം ചെയ്തത്. ഇതിനുശേഷം വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കും.

Top