തിരുവനന്തപുരം: ബാര്‍കോഴ അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും വിജിലന്‍സ് സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സമയബന്ധിതമായാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അനാവശ്യമായ കാലതാമസം വരുത്തുന്നു എന്ന ആരോപണവും തെറ്റാണ്.
ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത് രണ്ട് കേന്ദ്ര ഏജന്‍സികള്‍ തമ്മിലുള്ള തര്‍ക്കമാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ നിയന്ത്രണം കലക്ടര്‍ ഏറ്റെടുക്കേണ്ട സ്ഥിതി ഉണ്ടായിരുന്നില്ല. കേസില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ചെന്നിത്തല വിശദീകരിച്ചു.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുകമറ സൃഷ്ടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. അത് വിലപ്പോവില്ല. അരുവിക്കരയില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും കോടിയേരി പറഞ്ഞു.


