ബാര്‍ ഉടമകളുടെ നുണ പരിശോധന നടത്തണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാറുടമകളുടെ നുണപരിശോധന ആവശ്യപ്പെട്ട് വിജിലന്‍സ്. ബാര്‍ കേസിലെ പ്രധാന കക്ഷികളായ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പോളക്കുളം, ബാറുടമ ജോണ്‍ കല്ലാട്ട് എന്നിവരുടെ നുണപരിശോധനയ്ക്ക് അനുമതി തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയ സമീപിച്ചിരിക്കുന്നത്.

നുണപരിശോധനയ്ക്ക് വിധേയരാവുന്ന കാര്യത്തില്‍ സമ്മതം മേയ് നാലിന് മുന്പ് അറിയിക്കാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ബാറുടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്, മാണി കോഴ വാങ്ങിയതായി ആരോപണം ഉന്നയിച്ചെങ്കിലും മറ്റുള്ളവര്‍ ആരും തന്നെ അതിനെ അനുകൂലിച്ച് മൊഴി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധന ആവശ്യപ്പെടാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

Top