ബാര്‍ കോഴ;അന്വേഷണ സംഘത്തെ മാറ്റാന്‍ വിജിലന്‍സ് ഉന്നതര്‍ക്കിടയില്‍ ആലോചന

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണം അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റണമെന്ന നിര്‍ദ്ദേശം ശക്തമാകുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. കേസ് അട്ടിമറിക്കാനാണ് വിജിലന്‍സ് സംഘം ശ്രമിക്കുന്നതെന്നും മൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ലെന്നുമുള്ള പരാതിക്കാരനായ ബിജു രമേശിന്റെ ആരോപണമാണ് സര്‍ക്കാരിനേയും വിജിലന്‍സ് ഡയറക്ടറേയും പ്രതിരോധത്തിലാക്കുന്നത്.

തന്റെ സ്റ്റാഫിന്റെ മൊഴിയെടുക്കാന്‍ വിളിച്ച് വരുത്തിയിട്ട് മൊഴിയെടുക്കാതെ മറ്റൊരു ദിവസം വരാന്‍ പറഞ്ഞ് വിട്ട നടപടിക്കെതിരെയും ആഞ്ഞടിച്ച് ബിജു രമേശ് രംഗത്ത് വന്നതിനാല്‍ നിലവിലുള്ള അന്വേഷണ സംഘവുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന നിലപാടാണ് ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. 12 പേജ് വരുന്ന മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് മൊഴി പകര്‍പ്പും ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുമെന്നാണ് സൂചന.

നിലവില്‍ വിജിലന്‍സ് ദക്ഷിണ മേഖല റേഞ്ച് എസ്.പി രാജ്‌മോഹനാണ് അന്വേഷണ ചുമതലയെങ്കിലും എഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന് മുഖ്യ അന്വേഷണചുമതല നല്‍കണമോ എന്ന കാര്യമാണ് വിജിലന്‍സ് ആസ്ഥാനത്ത് പരിഗണിക്കുന്നത്. നാളത്തെ ഉന്നത തല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സര്‍ക്കാരിന്റെ നിലപാടും ഇതില്‍ നിര്‍ണായകമാകും. അന്വേഷണ സംഘത്തിനെതിരെയുള്ള ബിജു രമേശിന്റെ ആരോപണം വിജിലന്‍സിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായതിനാല്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍

ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാക്ഷികളുടെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി ലഭ്യമായാല്‍ കിട്ടുന്ന തെളിവ് മുന്‍നിര്‍ത്തി എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് മറ്റ് തടസങ്ങളില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ വിജിലന്‍സ് അന്വേഷണ സംഘത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് നേരത്തെ കോഴിക്കോട്ടെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ മന്ത്രി മാണിക്കെതിരെ കേസ് എടുക്കാന്‍ കോടതി തന്നെ ഉത്തരവിട്ടേക്കുമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.

ബ്ലേഡ് മാഫിയക്കെതിരായ നടപടിയിലൂടെ നല്ല പ്രതിഛായ ഉണ്ടാക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും വിജിലന്‍സ് അന്വേഷണം വെല്ലുവിളിയാണ്. വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാണിക്ക് രാജിവെക്കേണ്ട അവസ്ഥയുണ്ടാകുമെന്നും ഉറപ്പാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മാണിയെ ഇടത് പക്ഷത്തേക്ക് എടുക്കില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരള കോണ്‍ഗ്രസ് ഇടത് പക്ഷത്തേക്ക് വന്നാല്‍ തങ്ങളുടെ സ്വാധീനത്തിന് കോട്ടം തട്ടുമെന്ന് വിശ്വസിക്കുന്ന സിപിഐ ഒരുമുഴം മുന്‍പേ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി രംഗത്തെത്തിയതും മാറുന്ന രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തിയാണ്. ഇത് പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തിനാണ് കൂടുതല്‍ ആശ്വാസമായത്.

അഞ്ച് വര്‍ഷം തികച്ച് യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഭരിക്കുമെന്ന ആത്മ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും മാണിക്കെതിരായ അന്വേഷണം കൈവിട്ട് പോകുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.

Top