സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച ചെന്നിത്തലയെ കുരുക്കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ പ്രതിയാക്കി കേസെടുത്ത് സര്‍ക്കാരിനെ കുരുക്കിയ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കലില്‍ കുരുക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേസ് പിന്‍വലിക്കലില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തിയതോടെ നിലപാട് മാറ്റത്തിന് നിര്‍ബന്ധിതനായിരിക്കുകയാണ് ചെന്നിത്തല.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ പ്രതിചേര്‍ത്ത് കേസെടുപ്പിച്ചാണ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയത്.

മുഖ്യമന്ത്രി പദമോഹമുള്ള ചെന്നിത്തല ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയും രാജിയും മുഖ്യമന്ത്രി സ്ഥാനലബ്ധിയും ലക്ഷ്യമിട്ടായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ മന്ത്രി കെ.ബാബുവിനെയും കേസില്‍ പെടുത്താന്‍ നീക്കമുണ്ടായി.

എന്നാല്‍ മാണിക്കും കെ.ബാബുവിനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന നിയമോപദേശം നല്‍കിയതോടെയാണ് ഉമ്മന്‍ചാണ്ടി പ്രതിസന്ധിയെ അതിജീവിച്ചത്.

ഇതിനിടെയാണ് മുന്‍ ചീഫ് സെക്രട്ടറി സി.പി നായരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.

സംഭവം വിവാദമായപ്പോള്‍ തീരുമാനം ആഭ്യന്തരവകുപ്പിന്റേതാണെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി കൈകഴുകുകയായിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയതോടെ ചെന്നിത്തല ഒറ്റപ്പെട്ടു.

മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചനക്കായി ദേവസ്വം ഉപദേശകസമിതി സമര്‍പ്പിച്ച 8 കോടി രൂപയുടെ ബജറ്റ് അന്ന് ദേവസ്വം കമ്മീഷണറായിരുന്ന സി.പി നായര്‍ അംഗീകരിക്കാതിരുന്നതാണ് വധശ്രമത്തിനു കാരണമായത്.

സി.പി നായരെ ദേവസ്വം ഹാളില്‍ പൂട്ടിയിട്ട് അക്രമാസക്തരായവരെ വെടിവയ്പ്പ് നടത്തി പിരിച്ചുവിട്ടാണ് 2002ല്‍ പോലീസ് സി.പി നായരെ മോചിപ്പിച്ചത്. ഈ കേസാണ് പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്.

അതേസമയം സംഭവം വിവാദമായതിനെ തുടര്‍ന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐ ഗ്രൂപ്പിനെ തണുപ്പിക്കാന്‍, താന്‍കൂടെ അറിഞ്ഞാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മലക്കം മറിഞ്ഞു.

Top