മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം റിസര്‍വ്വ് ബാങ്ക് കര്‍ശനമാക്കുന്നു. വായ്പ അനുവദിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുറംജോലി കരാര്‍ നല്‍കുന്നത് വിലക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. ഫിനാന്‍ഷ്യല്‍ സെക്ടര്‍ ലെജിസ്‌ളേറ്റീവ് റിഫോംസ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍ബിഐ നീക്കം.
ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളെ ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും ഇത് അത്യാവശ്യമാണെന്ന് റിസര്‍വ്വ് ബാങ്ക് പറഞ്ഞു. എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. സ്ഥാപനങ്ങളുടെ സെയില്‍സ് ഏജന്റുമാര്‍, റിക്കവറി ഏജന്റുമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദി മാനേജ്‌മെന്റ് ആയിരിക്കുമെന്നും ആര്‍ബിഐ പറഞ്ഞു.
വായ്പ, ക്രഡിറ്റ് കാര്‍ഡ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, രേഖകളുടെ ക്രമീകരണം, ഗവേഷണവും മാര്‍ക്കറ്റിംഗും, വായ്പ അനുവദിക്കുന്നതിന്റെ മേല്‍നോട്ടം തുടങ്ങിയവയാണ് സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.
ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാന ജോലികള്‍ പുറംരാജ്യങ്ങളില്‍ നല്‍കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.


