ബലൂണില്‍ നഗരം ചുറ്റാനിറങ്ങി; ചെന്നുപെട്ടത് ജയിലില്‍!

അജ്മീര്‍: ബലൂണില്‍ നാട് ചുറ്റിക്കാണാമെന്ന മോഹവുമായി പറന്ന വനിതാ ടൂറിസ്റ്റുകള്‍ ഒടുവില്‍ ചെന്നെത്തിയത് ജയിലില്‍! രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.

വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള രണ്ട് വനിതാ വിനോദ സഞ്ചാരികളാണ് ജയിലില്‍ ലാന്‍ഡ് ചെയ്തത്. അജ്മീറിലെ പുഷ്‌കറില്‍ നിന്ന് ചൊവ്വാഴ്ച്ച രാവിലെ ബലൂണില്‍ കയറിയതായിരുന്നു ഇവര്‍. ബലൂണ്‍ ഓപ്പറേറ്ററും ഇവരോടൊപ്പമുണ്ടായിരുന്നു. പറന്നുയര്‍ന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റില്‍ ബലൂണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് ബലൂണ്‍ അജ്മീറിലെ ജയിലിനകത്തേക്ക് പറന്നിറങ്ങുകയായിരുന്നു.

അപ്രതീക്ഷിതമായി ബലൂണില്‍ മൂന്നു പേര്‍ ജയിലില്‍ പ്രവേശിക്കുന്നത് കണ്ട് ജയിലധികൃതരും അമ്പരുന്നു. ബലൂണിലുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

അതേസമയം, അനുവാദമില്ലാതെ ജയില്‍ പ്രവേശിച്ചെന്ന കുറ്റത്തിന് ബലൂണ്‍ ഓപ്പറേറ്റര്‍ക്കെതിരെ കുറ്റം ചുമത്തുകയും, സിറ്റി പരിധിയില്‍ അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

Top