ഫാത്തുള്ള: ബംഗ്ലദേശിനതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. മഴ തടസപ്പെടുത്തിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റിന് 462 റണ്‍സെന്ന നിലയിലാണ്. വിക്കറ്റ് പോകാതെ 239 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി മുരളി വിജയ് സെഞ്ചുറി നേടുന്നതാണ് ആദ്യം കണ്ടത്.
കരിയറിലെ ആറാം സെഞ്ചുറി ഫാത്തുള്ളയില്‍ കുറിച്ച മുരളി ബംഗ്ലദേശിനെതിരെ നേടുന്ന ആദ്യ സെഞ്ചുറിയും ഇതു തന്നെ. പിന്നാലെ വിക്കറ്റ് വീഴ്ച. 173 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ആദ്യം പുറത്തായി. പിന്നാലെയെത്തിയ രോഹിത് ശര്‍മ നന്നായി തുടങ്ങി, എന്നാല്‍ ഷാക്കിബ് അല്‍ ഹസന്റെ കൗശലത്തില്‍ വീണു. ആറുറണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ വിരാട് കോലിയും നന്നായി തുടങ്ങി. പക്ഷെ സ്പിന്നിനുമുന്നില്‍ വീണു. നേടിയത് 14 റണ്‍സ്. അജിങ്ക്യ രഹാനെ എത്തിയതോടെ സ്‌കോറിങ് വീണ്ടും വേഗത്തിലായി. മെല്ലെ തുടങ്ങിയ രഹാനെ സെഞ്ചുറിയിലേക്ക് അതിവേഗത്തില്‍ കുതിച്ചു.
എന്നാല്‍ സെഞ്ചുറിക്ക് രണ്ടു റണ്‍സ് അകലെ ആ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറിക്കാരന്‍ മുരളി വിജയ് 150റണ്‍സിനും പുറത്തായി. ഷാക്കിബ് അല്‍ഹസന്‍ നാലു വിക്കറ്റ് വീഴ്ത്തി, പിച്ചിന് സ്പിന്നിനോടുള്ള താല്‍പര്യം വ്യക്തമാക്കി. രണ്ടാം ദിനം മഴ പൂര്‍ണമായും കളി മുടക്കിയപ്പോള്‍ മൂന്നാം ദിനം മൂന്ന് തവണ മഴ മൂലം മല്‍സരം തടസപ്പെട്ടു.


