കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് പ്രമുഖ സിപിഎം നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദേബ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരികയാണ്. ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം അനിവാര്യമാണെന്നും ഗൗതം ദേബ് പറഞ്ഞു.
സംസ്ഥാനത്തെ നാശത്തിലേക്ക് കൊണ്ടുപോകുന്ന മമതയുടെ ഭരണം അവസാനിപ്പിക്കാന്‍ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസ്സും യോജിക്കണം. വര്‍ഗീയശക്തികള്‍ക്കെതിരെ നേരത്തെയും സിപിഎം കോണ്‍ഗ്രസ്സിനെ പിന്തുണച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെയുള്ള പരിതസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള സഹകരണത്തിന് സാധ്യയേറെയാണ് ദേബ് ചൂണ്ടിക്കാട്ടി.
ബി.ജെ.പി.ക്കെതിരെ മതേതരകൂട്ടായ്മയെന്ന നിലയ്ക്കാണ് ദേബ് കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ആഹ്വാനം നല്‍കുന്നത്. എന്നാല്‍, ഇത് സംസ്ഥാനത്ത് തൃണമൂലിന്റെ മൃഗീയഭൂരിപക്ഷം നിയന്ത്രിക്കുക എന്ന ലക്ഷ്യംവെച്ചുള്ള നീക്കമാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
എന്തായാലും ഗൗദം ദേബിന്റെ പ്രസ്താവന സിപിഎമ്മിലും കോണ്‍ഗ്രസ്സിലും ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.


