ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പിഡിപി നേതാവ് മഅദനിയുടെ വിചാരണ നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. നാല് വര്‍ഷമായി വിചാരണ തുടരുന്ന കേസില്‍ ബാക്കിയുള്ള 90 സാക്ഷികളെ രണ്ട് മാസത്തിനകം വിസ്തരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേ സമയം മഅ്ദനിയുടെ ഹര്‍ജി അട്ടിമറിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ ആരോപിച്ചു. പുതിയ സത്യവാങ്മൂലം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നാല് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുമെന്ന് കാണിച്ച് ഇതിന് മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാരിനായില്ല.
നാല് വര്‍ഷം കൊണ്ട് 170 സാക്ഷികളെ മാത്രമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കാനായത്. അതുകൊണ്ട് തന്നെ രണ്ട് മാസം കൊണ്ട് 90 സാക്ഷികളെ ഹാജരാക്കി വിസ്താരം പൂര്‍ത്തിയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും മഅദനിയുടെ അഭിഭാഷകര്‍ ആരോപിക്കുന്നു.


