ഫ്‌ളിപ്കാര്‍ട്ടിന് പുതിയ ഉല്‍പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിന് പുതിയ ഉല്‍പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കമ്പനികള്‍. ബിഗ് ബില്യണ്‍ ദിനത്തോടനുബന്ധിച്ചു നടത്തിയ ഡിസ്‌കൗണ്ട് വില്‍പന കമ്പനി ഷോറൂമുകളിലെ വില്‍പനയില്‍ ഇടിവുണ്ടാക്കിയ സാഹചര്യത്തിലാണ് സാംസങ്ങ്, സോണി, എല്‍.ജി തുടങ്ങിയവ തങ്ങളുടെ ഉത്പന്നങ്ങള്‍ ഫ്‌ലിപ്പ് കാര്‍ട്ട് വഴി വില്‍ക്കുന്നത് നിര്‍ത്തുവാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

സൈറ്റിലൂടെയുള്ള വില്‍പന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രഡേറ്ററി പ്രൈസിങ് നടത്തിയതിന് ഫ്‌ളിപ്കാര്‍ട്ടിനെ നിയമനടപടി സ്വീകരിക്കാനും കമ്പനികള്‍ നീക്കം നടത്തുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലൂടെ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വാറന്റി നല്‍കില്ലെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃതമല്ലാത്ത വിതരണശൃംഖലകള്‍ ഉപയോഗിക്കുന്നു എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലൂടെയുള്ള വില്‍പന പൂര്‍ണമായും അവസാനിപ്പിക്കാനാണ് എല്‍ജിയുടെ തീരുമാനം. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വില മാത്രമേ വാഗ്ദാനം ചെയ്യാവൂ എന്നാവശ്യപ്പെടാനായി ഓണ്‍ലൈന്‍ പങ്കാളികളുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് സോണി.

Top