ഫ്രാന്‍സിസ് ജോര്‍ജിനെ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനാക്കണമെന്ന് ജോസഫ് ഗ്രൂപ്പ്‌

കോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി ഫ്രാന്‍സിസ് ജോര്‍ജിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്ത്. ഏക വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.

ജോസഫ് വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്. രണ്ടു വൈസ് ചെയര്‍മാന്മാരെ നിയമിക്കാനുള്ള കെ.എം. മാണിയുടെ നീക്കം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജില്ലാ പ്രസിഡന്റുമാരുടെ യോഗം ബഹിഷ്‌കരിക്കുമെന്നും ജോസഫ് വിഭാഗം പറയുന്നു.

പി.സി. ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇന്നു നീക്കം ചെയ്യുമെന്ന് മാണി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥാനത്തേക്കുള്ള പുതിയ ആളെ നിശ്ചയിക്കുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

Top