ഫ്യൂരിയസ് 7 വാരിയത് 6,255 കോടി

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 വെറും 17 ദിവസംകൊണ്ട് ബോക്‌സ്ഓഫീസില്‍ നിന്നും വാരിയത് 100 കോടി ഡോളര്‍(ഏകദേശം 6255 കോടിരൂപ). ഏപ്രില്‍ ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തിയ ഫ്യൂരിയസ് 7നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴും വിവിധ രാജ്യങ്ങളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഫ്യൂരിയസ് 7 ഇനിയും പണം വാരുമെന്ന് ഉറപ്പാണ്. അമേരിക്കയില്‍ നിന്നും 265.35 മില്യണ്‍ ഡോളറും വിദേശ രാജ്യങ്ങളില്‍ നിന്നും 735.2 മില്യണ്‍ ഡോളറുമാണ് ഫ്യൂരിയസ് 7 നേടിയത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ആറ് മുന്‍ ചിത്രങ്ങളും സാമ്പത്തികമായി വിജയമായിരുന്നു. എന്നാല്‍ മുന്‍ ചിത്രങ്ങളെ കടത്തിവെട്ടുന്ന പ്രകടനമാണ് ഫ്യൂരിയസ് 7 നടത്തിയിരിക്കുന്നത്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് നിര്‍ണ്ണായകവേഷം അവതരിപ്പിച്ചിരുന്ന പോള്‍ വാള്‍ക്കറിന്റെ അപ്രതീക്ഷിത മരണം. ഇത് ഫ്യൂരിയസ് 7ന്റെ നിര്‍മ്മാതാക്കളേയും സംവിധായകന്‍ ജെയിംസ് വാനേയും പ്രതിസന്ധിയിലാക്കിയിരുന്നു. പോള്‍വാള്‍ക്കറിനെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ഡിജിറ്റലായി പുനഃസൃഷ്ടിച്ചാണ് അവര്‍ പ്രതിസന്ധിയെ മറികടന്നത്. പോള്‍വാള്‍ക്കറിന്റെ സഹോദരന്മാരായ കാലബിന്റേയും കോഡിയുടേയും സഹായത്തിലാണ് ചിത്രീകരണം നടത്തിയത്. ഇവരെ ഉപയോഗിച്ച് ചിത്രീകരിച്ച സീനുകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തില്‍ പോള്‍വാള്‍ക്കറുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ഡിജിറ്റല്‍ പോള്‍വാള്‍ക്കറെയാണ് ഫ്യൂരിയസ് 7ന്റെ അവസാനഭാഗത്തില്‍ നമ്മള്‍ കാണുന്നത്.

മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ചിത്രീകരണം ഫ്യൂരിയസ് 7ല്‍ വളരെ കുറവായിരുന്നു. ട്രെയിലറിലൂടെ പ്രസിദ്ധമായ കാറുകള്‍ വിമാനത്തില്‍ നിന്നുംതാഴേക്കിടുന്നത് അടക്കമുള്ള സ്റ്റണ്ട് ദൃശ്യങ്ങള് യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതാണ്. 34 വാഹനങ്ങളാണ് ഈ ദൃശ്യം ചിത്രീകരിക്കുന്നതിനായി വിമാനത്തില്‍ നിന്നും താഴേക്കിട്ടത്. പാരച്യൂട്ട് ഘടിപ്പിച്ച ഈ വാഹനങ്ങളെ ചിത്രീകരിക്കാന്‍ ക്യാമറാമാന്മാര്‍ പ്രത്യേക ക്യാമറയുമായി ഇവക്കൊപ്പം ചാടുകയായിരുന്നു.

Top