കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മീന്‍പിടിത്ത ബോട്ടിടിച്ച് യാത്രാബോട്ട് തകര്‍ന്ന് മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷ(17), ഷില്‍ട്ടണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. സുജിഷയുടേത് ചെല്ലാനത്തുനിന്നും ഷില്‍ട്ടന്റേത് കണ്ണമാലിയില്‍ നിന്നുമാണ് കിട്ടിയത്. സുജിഷയുടെ അമ്മ സിന്ധുവും അപകടത്തില്‍ മരിച്ചിരുന്നു. ഇതോടെ ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
രാവിലെ മത്സ്യബന്ധനത്തിറങ്ങിയ തൊഴിലാളികളാണ് ചെല്ലാനംതീരത്തോട് ചേര്‍ന്ന് സുജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. സിന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. അപകടത്തില്‍ കാണാതായ ഒരു കുട്ടിയടക്കം മൂന്ന്‌പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 20 പേര്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രി, ഗൗതം ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് , മെഡിക്കല്‍ ട്രസ്റ്റ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള സമീറ(28), ബീവി(40) എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


