ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്

കൊച്ചി: ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇടം പിടിച്ചു. ഏഷ്യാ പസഫിക് മേഖലയിലെ മികച്ച കമ്പനികളുടെപട്ടികയിലാണ് കിറ്റെക്‌സിന്റെ സ്ഥാനം. 50 ലക്ഷം മുതല്‍ 100 കോടി ഡോളര്‍ വരെ വിറ്റുവരവുള്ള 200 കമ്പനികളാണ് പട്ടികയിലുള്ളത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി ഈ പട്ടികയില്‍ ഇടം നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കിറ്റെക്‌സ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ കമ്പനികളാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞ തവണ എട്ട് ഇന്ത്യന്‍ കമ്പനികളായിരുന്നു ഉണ്ടായിരുന്നത്. വില്പനയിലും വരുമാനത്തിലുമുണ്ടായ വളര്‍ച്ച, ഓഹരികളില്‍ നിന്നുള്ള വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് കിറ്റെക്‌സ്. 15,000 പേര്‍ക്കാണ് കമ്പനി തൊഴിലൊരുക്കിയിരിക്കുന്നത്. കയറ്റുമതി അധിഷ്ഠിത കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, നവജാത ശിശുക്കളുടെ വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്.

ഗെര്‍ബര്‍, ടോയ്‌സറാസ്, ജോക്കി, വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ്, മദര്‍ കെയര്‍, കാര്‍ട്ടേഴ്‌സ് എന്നീ ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി കമ്പനി, വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ആയിരം കോടി രൂപയാണ് കിറ്റെക്‌സ് ഗ്രൂപ്പിന്റെ വിറ്റുവരവ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 99 കോടി രൂപ അറ്റാദായം നേടി. ഒരു രൂപ മുഖവിലയുള്ള കിറ്റെക്‌സിന്റെ ഓഹരി രണ്ട് വര്‍ഷം കൊണ്ട് 54 രൂപയില്‍ നിന്ന് 1,000 രൂപ കടന്നു. കമ്പനിയുടെ മൂല്യം ഇതോടെ 4,700 കോടി രൂപയായി.

കിറ്റെക്‌സിനു പുറമെ, കാവേരി സീഡ്, അവന്തി ഫീഡ്‌സ്, ബോറോസില്‍, ബൈക്ക് ഹോസ്പിറ്റാലിറ്റി, സാപ്ലിന്‍ പോയിന്റ് ലാബ്‌സ്, സെന്റം ഇലക്ട്രോണിക്‌സ്, എന്‍.ജി.എല്‍.ഫൈന്‍കെം, ഓര്‍ബിറ്റ് എക്‌സ്‌പോര്‍ട്‌സ്, പ്രെംകോ ഗ്ലോബല്‍, വക്രാഞ്ചി എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ കമ്പനികള്‍.

Top