സ്വകാര്യതാ നയങ്ങള്‍ പുതുക്കിയും പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയും വ്യക്തിസുരക്ഷ ഉറപ്പാക്കുന്നെന്ന് അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. സ്വകാര്യതാ സംവിധാനങ്ങളില്‍ എത്ര പൂട്ടിട്ടു പൂട്ടിയാലും ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സേര്‍ച്ച് ചെയ്താല്‍ അയാളെ സംന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന സംവിധാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഫെയ്‌സ്ബുക്കില്‍ ആളുകളുടെ പേരുപയോഗിച്ചു സേര്‍ച്ച് ചെയ്യുന്നതിനുള്ള സേര്‍ച്ച് ബോക്‌സില്‍ നിങ്ങള്‍ക്ക് അറിയാവുന്നതോ അറിയാത്തതോ ആയ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ ആള്‍ ഫെയ്‌സ്ബുക്കിലുണ്ടെങ്കില്‍, നമ്പര്‍ ഫെയ്‌സ്ബുക്കില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ പ്രൊഫൈല്‍ കൃത്യമായി പ്രദര്‍ശിപ്പിക്കും.
തന്റെ പ്രൊഫൈല്‍ സേര്‍ച്ച് റിസള്‍ട്ടില്‍ വരുന്നത് തടയുന്ന തരത്തില്‍ സെറ്റിങ്‌സ് മാറ്റിയിട്ടുള്ളവരുടെയും ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിട്ടുള്ളവരുടെയും വിവരങ്ങള്‍ വരെ ഈ നമ്പര്‍ സേര്‍ച്ചില്‍ തെളിഞ്ഞു വരും എന്നതാണ് ഗുരുതരമായ സവിശേഷത.
ഇത് ഫെയ്‌സ്ബുക്ക് ബഗ് ആണെന്നു കരുതി റിപ്പോര്‍ട്ട് ചെയ്തവരോട് ഇത് ബഗ് അല്ലെന്നും ഈ സംവിധാനം നിലനില്‍ക്കുമെന്നുമായിരുന്നു ഫെയ്‌സ്ബുക്കിന്റെ പ്രതികരണം.
അടുത്തകാലത്ത് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് ഹലോ ആപ്ലിക്കേഷനുവേണ്ടിയാണ് ഇത്തരത്തില്‍ മൊബൈല്‍ സേര്‍ച്ച് സംവിധാനം നടപ്പാക്കിയതെന്നു കരുതുന്നു. ട്രൂ കോളര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഹലോ ആപ്പ് കോളര്‍ ഐഡി എന്ന നിലയില്‍ മുഴുവന്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെയും വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.


