ഫോഡ് ഫിഗൊ പരിഷ്‌കരിച്ച പതിപ്പ് എത്തി

ഫോഡ് ഇന്ത്യ ഫിഗൊ ഹാച്ച്ബാക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു പരിഷ്‌കരിച്ച ‘ഫിഗൊ എത്തുന്നത്. പുതിയ ഫിഗൊയുടെ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 3.87 ലക്ഷം രൂപ മുതല്‍ 5.14 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിനുള്ളവയ്ക്ക് 4.83 ലക്ഷം രൂപ മുതല്‍ 6.09 ലക്ഷം രൂപ വരെയുമാണു ഡല്‍ഹി ഷോറൂം വില.

പതിനാല് ഇഞ്ച് അലോയ് വീല്‍, ഫോഗ് ലാംപ് സറൗണ്ട്, റിയര്‍ ബംപര്‍ വാലന്‍സ്, വിങ് മിററിലെ ഇന്‍ഡിക്കേറ്റര്‍ എന്നിവയാണു പരിഷ്‌കരിച്ച ഫിഗൊയുടെ പുറംഭാഗത്തെ പുതുമകള്‍. അകത്തളത്തിലാവട്ടെ കൈനറ്റിക് ബ്ലൂ ടൈറ്റാനിയം വകഭേദത്തില്‍ പ്രത്യേക സൈബര്‍ ബ്ലൂ തീം നടപ്പായി; സൈബര്‍ ബ്ലൂ – ഗ്രേ ഇരട്ട വര്‍ണ സങ്കലനത്തിലുള്ള അപ്‌ഹോള്‍സ്ട്രി, സെന്റര്‍ കണ്‍സോള്‍, ഡോര്‍ ഹാന്‍ഡില്‍ തുടങ്ങിയവയാണു പ്രധാന പരിഷ്‌കാരങ്ങള്‍.

മുമ്പ് കാറിലുണ്ടായിരുന്ന 1.2 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണു കരുത്തേകുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. എട്ടു നിറങ്ങളിലാണു ‘ഫിഗോ ലഭിക്കുക: കൈനറ്റിക് ബ്ലൂ, മാഴ്‌സ് റെഡ്, ഡയമണ്ട് വൈറ്റ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, ചില്‍ മെറ്റാലിക്, പാന്തര്‍ ബ്ലാക്ക്, സ്‌മോക്ക് ഗ്രേ, പര്‍പിക റെഡ്.

പരിഷ്‌കരിച്ച ‘ഫിഗൊയിലും ഫോഡ് രണ്ടു വര്‍ഷം അഥവാ ഒരു ലക്ഷം കിലോമീറ്റര്‍ നീളുന്ന സമഗ്ര വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം സമയക്രമം പാലിച്ചുള്ള സര്‍വീസുകള്‍ക്ക് 2,199 രൂപ മാത്രം ഈടാക്കുന്ന ‘ഹാപ്പി പോക്കറ്റ് ‘പദ്ധതിയും  ഫോഡ് ഫിഗൊയ്‌ക്കൊപ്പം ലഭ്യമാണ്. ഈ പരിഷ്‌കരിച്ച പതിപ്പിനെ അപേക്ഷിച്ചു നേരിയ വിലക്കുറവോടെ സാധാരണ ഫിഗൊയും വിപണിയില്‍ തുടരും.

Top