ഫിഫ റാങ്കിംഗ്: ഇന്ത്യ 159-ല്‍

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യ 159ാം സ്ഥാനത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ റാങ്കിംഗിലാണ് ഒരു സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ 159ാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയാണ് ഒന്നാം റാങ്കില്‍.

സുനില്‍ ഛെത്രി നായകനായ ഇന്ത്യയ്ക്ക് 119 പോയിന്റാണുള്ളത്. ലോകകപ്പ് റണ്ണറുപ്പുകളായ അര്‍ജന്റീനയാണ് രണ്ടാം റാങ്കില്‍. കൊളംബിയ മൂന്നാം സ്ഥാനത്തും ബ്രസീല്‍ ആറാമതുമുണ്ട്. 2010ലെ ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് പതിനൊന്നാമതെത്തി.

ടോഗോയാണ് റാങ്കിംഗില്‍ ഏറ്റവുമധികം മുന്നേറ്റം നടത്തിയ രാജ്യം. 125ആം റാങ്കിലുണ്ടായിരുന്ന ടോഗോ അന്‍പത്തിരണ്ടാം റാങ്കിലാണിപ്പോള്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് പതിനഞ്ചാമതുള്ള അള്‍ജീരിയയാണ്.

ക്രൊയേഷ്യ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രീസും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങള്‍ പിറകിലേക്ക് പോയി.

Top