ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്‌ലസ്” എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് അനുശ്രീ വെള്ളിത്തിരയിൽ എത്തുന്നത്. നിഷ്ക്കളങ്കയായ നാട്ടിൻപുറത്തു കാരിയുടെ വേഷം അവതരിപ്പിച്ചെത്തിയ അനുശ്രീയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
അടുത്തതായി വീണ്ടും അനുശ്രീയും ഫഹദും ഒരു ചിത്രത്തിൽ അഭിനയിക്കുകയാണ്. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തന്റെ കഥാപാത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പറയാൻ അനുശ്രീ തയ്യാറായില്ല. എന്നാൽ ആ ചിത്രത്തിലും താനൊരു നാടൻ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് താരം പറഞ്ഞു.
പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫഹദ് ഒരു ഫോട്ടോഗ്രാഫറായാകും രംഗത്തെത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ഇടുക്കിയിൽ ആരംഭിക്കും.
ദിലീപിന്റെ നായികയായി അഭിനയിച്ച ‘ചന്ദ്രേട്ടൻ എവിടെയാ” എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അനുശ്രീ പറഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഹ്യൂമറിന് പ്രാധാന്യമുള്ളൊരു കുടുംബചിത്രം മലയാളി പ്രേക്ഷകർ കാണുന്നതെന്ന് താരം വ്യക്തമാക്കി. ഡയമണ്ട് നെക്‌ലസിൽ കണ്ട അതേ വേഷമാണെങ്കിലും വളരെ രസകരമായൊരു കഥാപാത്രത്തെയാണ് ചന്ദ്രേട്ടൻ എവിടെയായിൽ താൻ അവതരിപ്പിച്ചതെന്നും അനുശ്രീ പറഞ്ഞു.
സിബി മലയിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി അനുശ്രീ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ ചിത്രത്തിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്. തനിക്ക് ഈ മാസം പരീക്ഷയുണ്ടെന്നും ആ സമയത്ത് കോഴിക്കോട്ട് പ്രോജക്ട് വർക്കിലായിരിക്കു മെന്നതിനാലാണ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും താരം കൂട്ടിച്ചേർത്തു.


