ടെമുക്കോ: പെറുവിയന്‍ ആരാധകരെ ആവേശത്തിലാക്കി പൗളോ ഗ്വെറേറോയുടെ ഹാട്രിക് മികവില്‍ പെറു കോപ്പ അമേരിക്ക സെമിയില്‍ കടന്നു. ബൊളീവിയക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററായ ഗ്വെറേറോ 20,23,74 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്.
84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മാഴ്‌സലോ മൊറാനോയാണ് ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്. സെമിയില്‍ ചിലിയാണ് പെറുവിന്റെ എതിരാളി. ചൊവ്വാഴ്ച സാന്റിയാഗോയിലാണ് സെമി പോരാട്ടം.
പെറു ആക്രമണ ഫുട്‌ബോളിലൂടെയാണ് കളി തുടങ്ങിയത്. നിരന്തര ആക്രമണങ്ങളുമായി ബൊളീവിയന്‍ ഗോള്‍ മുഖത്തേക്ക് ആര്‍ത്തുകയറിയ പെറു 20-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. വര്‍ഗാസിന്റെ ക്രോസ് ഹെഡറിലൂടെ വഴിതിരിച്ചുവിട്ട ഗ്വെറേറോ പന്തിനെ വലയുടെ വലതുമൂലയിലെത്തിച്ചു. പിന്നാലെ 23-ാം മിനിറ്റില്‍ ഗ്വെറേറോയുടെ അടുത്ത ഗോള്‍ പിറന്നു. സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ കുയോവയുടെ പാസില്‍നിന്നായിരുന്നു അപ്രതീക്ഷിത ഗോള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ ബൊളീവിയയും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയതോടെ കളി പരുക്കനായി. പെറുവിയന്‍ താരം പെഡ്രോ ഗാലെസെ, ബെളീവിയന്‍ താരങ്ങളായ പാബ്ലോ എസ്‌കോബാര്‍, റിക്കാര്‍ഡോ പെഡ്രിയേല്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. എന്നാല്‍ ബൊളീവിയയെ 74-ാം മിനിറ്റില്‍ ഗ്വെറേറോ മൂന്നാം ഗോള്‍ വലയിലാക്കി. ഇതോടെ ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ബൊളീവിയക്കായി 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയുടെ ലക്ഷ്യത്തിലെത്തി.


