തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ പ്ലസ് ടു വിജയ ശതമാനം ഉയര്‍ന്നു. 83.96 ശതമാനം പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബാണ് ഫലം പ്രഖ്യാപിച്ചത്.
10,839 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. 87.5 ശതമാനം. പത്തനംതിട്ടയിലാണ് വിജയശതമാനത്തില്‍ കുറവ് 76.17 ശതമാനം. 59 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
59 സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം ലഭിച്ചു. 23 സ്‌കൂളുകള്‍ക്ക് 30 ശതമാനത്തില്‍ താഴെ വിജയം നേടാനെ കഴിഞ്ഞുള്ളൂ. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളില്‍ ഇരട്ടമൂല്യ നിര്‍ണയം നടത്തിയിരുന്നു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 91.63 ശതമാനം ഉപരി പഠനത്തിന് അര്‍ഹത നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,46,000 വിദ്യാര്‍ഥികളും വൊക്കേഷണല്‍ വിഭാഗത്തില്‍ 35,000 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയിരുന്നത്.


