തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ഡിഗ്രി വിദ്യാര്‍ഥിക്കും കോടതി ജാമ്യം അനുവദിച്ചു. കൊല്ലം സ്വദേശി സാദിഖിനാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സാദിഖിനു പുറമേ കൊല്ലം ജില്ലക്കാരായ രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇവരെ നേരത്തേ ജാമ്യത്തില്‍ വിട്ടിരുന്നു.
ഇവര്‍ സിനിമ അപ്‌ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, സിനിമയുടെ വ്യാജപ്പതിപ്പ് സൂക്ഷിച്ച പെന്‍ഡ്രൈവ്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ രണ്ടുദിവസം മുമ്പ് പിടികൂടിയത്.
ഏകദേശം ഒന്നരലക്ഷത്തോളംപേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതായും ആന്റി പൈറസി സെല്‍ കണ്ടെത്തി. ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ വ്യാജ ഐ.പി. വിലാസമാണ് ഉപയോഗിച്ചത്. ഇതുമൂലം കാനഡയിലെ ഐ.പി. വിലാസമാണ് ആദ്യഘട്ട അന്വേഷണത്തില്‍ ലഭ്യമായത്.


