തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞു.
അണിയറ പ്രവര്‍ത്തകരുടെ കയ്യിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് ചിത്രം ചോര്‍ന്നത്. ഈ ഹാര്‍ഡ് ഡിസ്‌ക് ആന്റി പൈറസി സെല്‍ പിടിച്ചെടുത്തു. സെന്‍സര്‍ ബോര്‍ഡിനായി തയ്യാറാക്കിയ രണ്ടു ഡി.വി.ഡികളില്‍ ഒന്ന് നശിപ്പിച്ചതായും സംശയമുണ്ട്. സിനിമയുടെ പ്രിന്റ് കൈകാര്യം ചെയ്തത് അലക്ഷ്യമായെന്നും കണ്ടെത്തി. എന്നാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. സിനിമയിറങ്ങി രണ്ട് ദിവസിത്തിനകം തന്നെ ചിത്രത്തിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നു. സെന്‍സര്‍ കോപ്പി എന്ന് എഴുതിയ പകര്‍പ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.


