പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രേയ റെഡ്ഡിയും

ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യന്‍ താരം ശ്രേയ റെഡ്ഡി വീണ്ടും പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രകാശ്‌രാജാണ് ഈ ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തന്റെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രേയ തയ്യാറായില്ല. ചിത്രത്തില്‍ താന്‍ ആരുടേയും നായികാ വേഷമല്ല അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയമൊന്നും ഈ ചിത്രത്തിലില്ലെന്നും ശ്രേയ പറഞ്ഞു.

മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത് പ്രകാശ് രാജും ശ്രേയയും മറ്റൊരു നടനും.ആ വേഷം ആര് അവതരിപ്പിക്കുമെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല. എയിഡ്‌സാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായൊരു സാമൂഹ്യ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. ഈ ചിത്രത്തിലൂടെ പതിനാല് പുതുമുഖ താരങ്ങള്‍ വെള്ളിവെളിച്ചത്തിലേക്ക് ചുവടു വയ്ക്കുകയാണ്. കാഞ്ചീവരം എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാകും ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുക.

ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുന്പുള്ള പട്ട്തുണി നെയ്ത്തുകാരുടെ അവസ്ഥയായിരുന്നു ‘കാഞ്ചീവര’ത്തിന്റെ ഇതിവൃത്തം. ജീവിതം മുഴുവനും പട്ടുതുണി നെയ്തിട്ടും ഒരു പട്ടുസാരി വാങ്ങാന്‍ പോലും സാധിക്കാത്ത പാവപ്പെട്ട ഒരു നെയ്ത്തുകാരന്റെ വേഷമാണ് പ്രകാശ്‌രാജ് അവതരിപ്പിച്ചത്. മികച്ച ചിത്രത്തിനും മികച്ച അഭിനേതാവിനുമുള്ള(പ്രകാശ്‌രാജ്) ദേശീയ അവാര്‍ഡുകളാണ് കാഞ്ചീവരം വാരിക്കൂട്ടിയത്.

2008ല്‍ പുറത്തിറങ്ങിയ കാഞ്ചീവരത്തിന് ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത ശ്രേയ അടുത്തതായി ആണ്ടവ കാണോം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഈ ചിത്രം വൈകാതെ റിലീസ് ചെയ്യും

Top