പ്രിയങ്ക ഖാണ്ട്‌വാള്‍- മലയാള സിനിമയിലേക്ക് മറ്റൊരു അന്യഭാഷ നടി കൂടി എത്തുന്നു

മലയാള സിനിമയിലേക്ക് മറ്റൊരു അന്യഭാഷാ നടി കൂടി എത്തുന്നു. ഇതിഹാസയ്ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഡലായ പ്രിയങ്ക ഖാണ്ട്‌വാള്‍ അരങ്ങേറ്റം നടത്തുന്നു. സ്‌റ്റൈല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. നീനാഡേ നാ എന്ന കന്നട ചിത്രത്തിലെ പ്രകടനം കണ്ടാണ് സംവിധായകന്‍ ബിനു പ്രിയങ്കയെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.

മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക. മലയാള സിനിമ മേഖലയെപ്പറ്റിയും ഇവിടെയുള്ള സംവിധായകര്‍ വ്യത്യസ്തമായ വിഷയങ്ങളെ ആസ്പദമാക്കി ചിത്രങ്ങളൊരുക്കാറുണ്ടെന്നും താന്‍ ഏറെ കേട്ടിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. വളരെ ബോള്‍ഡും റൊമാന്റിക്കുമായ വേഷമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി.

നായകനും നായികയും വില്ലനും ഒരു കാറുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. രാജീവ് പിള്ളയാണ് വില്ലന്‍. ഒരു മാസ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടെന്നും ബിനു പറയുന്നു. രഞ്ജി പണിക്കരും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാസി ഗിഫ്റ്റ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് അനില്‍ നാരായണനും ഡൊമിനിക് അരുണുമാണ്.

മറിയം മുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിവെളിച്ചത്തിലെത്തിയ സന അല്‍ത്താഫിനെയായിരുന്നു ചിത്രത്തിലെ നായികയാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഡേറ്റ് പ്രശ്‌നം കാരണം താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Top