പ്രിയങ്കക്ക് വേണ്ടി മുറവിളി ഉയര്‍ത്തി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ പ്രിയങ്കാ ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന മുറവിളി വീണ്ടും ഉയരുന്നു. പ്രിയങ്കയെ സജീവ രാഷ്ട്രീയത്തില്‍ ഇറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി ആസ്ഥാനത്തിന് മുന്നില്‍ പ്രകടനം നടത്തി.

‘പ്രിയങ്കയെ കൊണ്ടുവരൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന ബാനറുകളുമായി ഇരുന്നൂറ്റിയമ്പതോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ഇതില്‍ ഏറെയും സ്ത്രീകളായിരുന്നു. പ്രിയങ്കയെ നേതൃനിരയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുന്‍കൈയെടുക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. അതിനാല്‍ തന്നെ നരേന്ദ്ര മോദിയെ എതിരിടാന്‍ പ്രിയങ്കക്കേ കഴിയൂ എന്നും പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രിയങ്കയെ നേരത്തെ നേതൃനിരയിലേക്ക് കൊണ്ടുവരണമായിരുന്നെന്നും മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ഇറക്കിയിരുന്നെങ്കില്‍ ഫലം വ്യത്യസ്തമായിരുന്നേനെ എന്നും പ്രവര്‍ത്തകര്‍ പറഞ്ഞു ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രിയങ്കയെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Top