തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമയുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ഡി വിവാദവും ബ്ലാക്ക് മെയിലിങ്ങും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണിത്.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും അതേ സ്ഥാപനത്തിലെ ജീവനക്കാരിയും തമ്മില്‍ നടന്ന ‘ഇടപെടലുകള്‍’ ജീവനക്കാരി തന്നെ തന്റെ മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തതും തുടര്‍ന്ന് പുറത്തായതുമടക്കം, ഇപ്പോള്‍ ഇതുസംബന്ധമായി നടക്കുന്ന ബ്ലാക്ക്‌മെയിലിങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്.
ജീവനക്കാരിയെ ജ്വല്ലറി ഉടമ കൈകൊണ്ട് അടിക്കുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ‘ചില കാര്യങ്ങള്‍’ സി.ഡിയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ദൃശ്യങ്ങള്‍ യുവതി റിക്കാര്‍ഡ് ചെയ്യാനിടയായ സാഹചര്യവും പിന്നെ എങ്ങനെ അത് ചിലരുടെ കൈയില്‍ എത്തിയെന്നതും ഏറെ ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
ഈ സി.ഡി കൈവശപ്പെടുത്തിയ ചിലര്‍ ജ്വല്ലറി ഉടമയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണ് ജ്വല്ലറി ഉടമയെന്നതിനാല്‍ വിവരം ചോരാതെ അതീവ രഹസ്യമായാണ് പൊലീസ് അന്വേഷണം.
ദൃശ്യം റിക്കോര്‍ഡ് ചെയ്തതായി പറയപ്പെടുന്ന ജീവനക്കാരി ഇപ്പോള്‍ ദുബായിലാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.


