പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചു: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വിമുക്ത ഭടന്‍മാരുടെ ആവശ്യങ്ങളില്‍ 98 ശതമാനവും സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് സൂചന.

വിമുക്ത ഭടന്മാര്‍ ഉന്നയിച്ച രണ്ട് പ്രധാന കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന അവ്യക്തതകളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെയും നിയമിക്കാനും ധാരണയായിട്ടുണ്ട്. എല്ലാ വര്‍ഷവും പെന്‍ഷന്‍ പരിഷ്‌കരണം എന്ന സമരക്കാരുടെ ആവശ്യമാണ് ഒത്തുതീര്‍പ്പിന് തടസമാകുന്നത് .അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍പരിഷ്‌കരണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

2015 അടിസ്ഥാന വര്‍ഷമാക്കി 2014 ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കണമെന്നാണ് വിരമിച്ച സൈനികരുടെ ആവശ്യം. 2013 അടിസ്ഥാനമാക്കിയാണ് വിമുക്ത ഭടന്‍മാര്‍ക്കുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാവും.

ദില്ലിയിലെ ജന്തര്‍ മന്തറില്‍ നാളുകളായി സമരത്തിലാണ് വിമുക്ത ഭടന്‍മാര്‍. പദ്ധതി നടപ്പാക്കുന്നതുവരെ ജന്തര്‍മന്തറിലെ സമരം തുടരാനാണ് വിമുക്ത ഭടന്‍മാരുടെ തീരുമാനം. ഒരേ തസ്തികയില്‍ തുല്യകാലം ജോലി ചെയ്തവര്‍ക്ക് വ്യത്യസ്ത പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് വിമുക്ത ഭടന്‍മാരുടെ ആവശ്യം.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്മാരും സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറിലെ വിമുക്ത ഭടന്മാരുടെ സമരം നിരാഹാര സമരത്തിലേക്കു വഴിമാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

Top