പ്രധാനമന്ത്രി ആയുധക്കരാറില്‍ ഒപ്പിടുമ്പോള്‍ പ്രതിരോധ മന്ത്രിക്ക് ഗോവയില്‍ മീന്‍പിടുത്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സില്‍ സുപ്രധാന ആയുധകരാര്‍ ഒപ്പിടുമ്പോള്‍ പ്രതിരോധ മന്ത്രിക്ക് ഗോവയില്‍ മീന്‍പിടുത്തം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് സ്വന്തം മണ്ഡലത്തില്‍ ചുറ്റിക്കറങ്ങലും.

പ്രധാനമന്ത്രി മൂന്ന് രാജ്യങ്ങളിലായി എട്ടു ദിവസത്തെ സന്ദര്‍ശനം നടത്തുകയും സുപ്രധാന പ്രതിരോധ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യുമ്പോഴാണ് ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിമാര്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാതെയിരിക്കുന്നത്.

മോഡി സ്വന്തംനിലക്ക് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങുന്ന സഹസ്രകോടികളുടെ കരാറിന് പതിവുരീതികള്‍ വിട്ട് പച്ചക്കൊടി കാട്ടിയപ്പോള്‍, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പച്ചമീന്‍ സ്റ്റാളില്‍ സമയം ചെലവിട്ടതിന്റെ പടം കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മറ്റു പണിയൊന്നുമില്ലാതെ സ്വന്തം മണ്ഡലത്തിലേക്കു പോയി. പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട കാബിനറ്റ് മന്ത്രി ഒപ്പം പോകാറുണ്ട്.

എന്നാല്‍, മോഡി പ്രധാനമന്ത്രിയായ ശേഷം വിദേശയാത്രയില്‍ ഈ പതിവില്ല. വിദേശ സന്ദര്‍ശനങ്ങള്‍ സ്വന്തം തിളക്കം വര്‍ധിപ്പിക്കാനുള്ള അവസരമായാണ് മോഡി പ്രയോജനപ്പെടുത്തുന്നത്.

റാഫേല്‍ ഇടപാട് ബിജെപിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ചോദ്യം ചെയ്തപ്പോള്‍, ഇടപാടിനെയും മോഡിയെയും പ്രകീര്‍ത്തിക്കുന്ന ഉത്തരവാദിത്തമാണ് പ്രതിരോധമന്ത്രിക്ക് ഏറ്റെടുക്കേണ്ടിവന്നത്.

17 കൊല്ലങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മുന്തിയ വിമാനങ്ങള്‍ വാങ്ങുന്നതിന് അവസരമൊരുങ്ങുന്നതെന്ന് പരീകര്‍ പ്രസ്താവനയിറക്കി. കാലപ്പഴക്കം ചെന്ന വിമാനങ്ങളുമായി മുന്നോട്ടുപോകുന്ന വ്യോമസേനക്ക് പുതുവായുവാണ് ഇടപാടെന്നും രണ്ടു കൊല്ലത്തിനുള്ളില്‍ വ്യോമ സേനയുടെ ഭാഗമാവുമെന്നും പറഞ്ഞു.

ഇടപാടിനെ ചോദ്യംചെയ്ത സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെയും ദിഗ്‌വിജയ് സിങ് വിമര്‍ശനം നടത്തി. സ്വാമിക്ക് ചുണയുണ്ടെങ്കില്‍ കോടതിയില്‍ പോകാമോ എന്ന് ദിഗ്‌വിജയ് സിങ് ചോദിച്ചു.

Top