തിരുവനന്തപുരം: സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതിനുള്ള നടപടികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ യുഡിഎഫ് സംയുക്തയോഗം ഇന്നു ചേരും. ഉച്ചയ്ക്ക് രണ്ടിനു കെപിസിസി ആസ്ഥാനം ഇന്ദിരാഭവനിലാണ് യോഗം. യുഡിഎഫ് ഏകോപനസമിതി അംഗങ്ങള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഘടകകക്ഷികളുടെ ജില്ലാനേതാക്കള്‍, ഡിസിസി പ്രസിഡന്റുമാര്‍, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം ഉദ്ഘാടനം ചെയ്യുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന പരിപാടികള്‍ തയാറാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. കോവളം സമ്മേളനത്തില്‍ തീരുമാനിച്ച മേഖലാ ജാഥകളുടെ നടത്തിപ്പും പ്രധാന ചര്‍ച്ചയാവും. മുന്നണിവിട്ടുപോകുമെന്നു കരുതപ്പെടുന്ന ജനതാദള്‍ യുണൈറ്റഡ്, ആര്‍എസ്പി എന്നീ കക്ഷികളുടെ സജീവ പങ്കാളിത്തം ഈ മേഖലാ ജാഥകളില്‍ ഉറപ്പാക്കാനും മുന്നണി നേതൃത്വം ലക്ഷ്യമിടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലാ ജാഥയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ആര്‍എസ്പി നേതാവായ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെയാണ്. ജെഎസ്എസ് നേതാവ് അഡ്വ. കെ. രാജന്‍ ബാബുവിനെ വൈസ് ക്യാപ്റ്റനായും നിശ്ചയിച്ചിട്ടുണ്ട്. 19 ന് തുടങ്ങുന്ന ഈ ജാഥ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
മേഖലാ ജാഥയുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ച ജനതാദള്‍ യുണൈറ്റഡ് നേതാവ് എം.പി. വീരേന്ദ്രകുമാറാണു കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥ ഉദ്ഘാടനം ചെയ്യുന്നത്. ഇതിന്റെ വൈസ് ക്യാപ്റ്റന്‍ ജെഡിയു നേതാവായിരിക്കുമെന്നും മുന്നണി നേതൃത്വം അവകാശപ്പെടുന്നുണ്ട്. ഇതിലേക്ക് ആരുടേയും പേര് ഇനിയും ജെഡിയു മുന്നോട്ടുവച്ചിട്ടില്ല. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദായിരിക്കും ഈ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥയുടെ ഉദ്ഘാടനം കെ.എം. മാണി എറണാകുളത്തു നിര്‍വഹിക്കും. സി.എഫ്. തോമസ് ജാഥാ ക്യാപ്റ്റനും ജോണി നെല്ലൂര്‍ വൈസ് ക്യാപ്റ്റനുമാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥ മലപ്പുറത്തു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എം.എം. ഹസന്‍ ജാഥ ക്യാപ്റ്റനും സി.പി. ജോണ്‍ വൈസ് ക്യാപ്റ്റനുമാണ്. എം.എം. ഹസനാണു നാലു ജാഥകളുടെയും കോഓര്‍ഡിനേറ്റര്‍.അടുത്തമാസം 19 മുതല്‍ 25 വരെയാണ് ജാഥകള്‍. സര്‍ക്കാരിനും യുഡിഎഫിനുമെതിരേ പ്രതിപക്ഷവും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കുകയാണ് മേഖല ജാഥകളുടെ പ്രധാനലക്ഷ്യം. ഇതിനൊപ്പം ജില്ലാതലത്തില്‍ വിപുലമായ പ്രവര്‍ത്തക കണ്‍വന്‍ഷനുകളും സംഘടിപ്പിക്കാന്‍ ധാരണയുണ്ട്. സര്‍ക്കാരിനും മുന്നണിക്കുമെതിരെ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാനായി പ്രാദേശിക തലത്തിലും യോഗങ്ങള്‍ സംഘടിപ്പിക്കും. യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശന പരിപാടികളും ലഘുലേഖകളുടെ വിതരണവും അജണ്ടയിലുണ്ട്. ഇക്കാര്യങ്ങളില്‍ ജില്ലാതലങ്ങളിലും പ്രാദേശിക തലങ്ങളിലും നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്നത്തെ യോഗത്തില്‍ വിശദീകരിക്കും. അതേസമയം യോഗത്തില്‍ ജനതാദള്‍ യുണൈറ്റഡ് പ്രതിനിധികള്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. മേഖലാ ജാഥകളില്‍പോലും തങ്ങളെ തഴഞ്ഞതായാണു ജെഡിയു ആരോപിക്കുന്നത്. അതിനു പരിഹാരം കാണാന്‍കുടി ലക്ഷ്യമിട്ടുള്ളതാണ് ഇന്നത്തെ യോഗം.


