മുംബൈ: ഇന്ത്യയില്‍ ഇറങ്ങുന്ന സിനിമകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ച് സെന്‍സര്‍ ബോര്‍ഡ് തയാറാക്കിയ 28 വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പിന്‍വലിച്ചു. ബോംബെ എന്ന പേരടക്കമുള്ള വാക്കുകള്‍ നിരോധിച്ച സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പെഹ്ലാജ് നിഹ്ലാനിയുടെ തീരുമാനമാണ് പിന്‍വലിച്ചത്.
സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ തീരുമാനത്തെ എതിര്‍ത്ത് പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ഇത് പിന്‍വലിക്കാന്‍ ബോര്‍ഡ് തയ്യാറായത്.
സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷനായി പെഹ്ലാജ് നിഹ്ലാനി അധികാരമേറ്റെടുത്ത ശേഷമായിരുന്നു അസഭ്യ ചുവയുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയ ചില വാക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. തീരുമാനത്തെ വിമര്‍ശിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍ രംഗത്തെത്തിയിരുന്നു.
കരിമ്പട്ടികയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതിന് പിന്നാലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്‌റിംഗ് മിനിസ്ട്രിയും ബോര്‍ഡിനെ അസംതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈയില്‍ ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ് യോഗം ഈ വാക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടന്ന തീരുമാനത്തിലെത്തിയത്.
പതിമൂന്ന് ഇംഗ്ലീഷ് വാക്കുകളും പതിനഞ്ച് ഹിന്ദി വാക്കുകളുമാണ് സിനിമകളില്‍ ഉള്‍പ്പെടുത്തരുതെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. ഈ പ്രയോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ഈ വാക്കുകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായാല്‍ നീക്കുകയോ ബീപ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.


