പ്രതിരോധ മേഖലയില്‍ ടാറ്റാ പവര്‍ എസ്ഇഡിയും ഹണിവെലും ഒന്നിക്കുന്നു

പ്രതിരോധമേഖലയില്‍ ഗതിനിര്‍ണയ സംവിധാനം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് ടാറ്റാപവറിന്റെ പ്രതിരോധസ്ഥാപനമായ ടാറ്റാ പവര്‍ എസ്ഇഡിയും ഹണിവെലും തമ്മില്‍ കരാറിലൊപ്പിട്ടു.

ആയുധ ഇറക്കുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ സായുധസേനയെ ആധുനികവല്‍ക്കരിക്കാനുളള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് പ്രതിരോധമേഖലയിലെ വിദേശനിക്ഷേപപരിധി 49 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തപ്രതിരോധനിര്‍മ്മാണ രംഗത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം സാങ്കേതികവിദ്യയുടെ കൈമാറ്റം ഉള്‍പ്പെടെയുളള നിര്‍ണായകവിഷയങ്ങളിലും ഇന്ത്യ സഹകരണം ലക്ഷ്യമിടുന്നുണ്ട്.

ഭൂപ്രദേശത്തെ ഗതിനിര്‍ണയരംഗത്ത് അമേരിക്കയുടെ അത്യാധുനികസംവിധാനമായ ടാലിന്‍ നിര്‍മ്മിക്കാനാണ് ഇരുകമ്പനികളും ധാരണയായത്. ഗതിനിര്‍ണയരംഗത്ത് ഏറേ പ്രചാരമുളള ജിപിഎസ് സംവിധാനം ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ പലപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കാറില്ല. ഈ സാഹചര്യത്തില്‍ ഹണിവെല്‍ ഇന്റര്‍നാഷണലും ടാറ്റയും തമ്മില്‍ കൈക്കോര്‍ക്കുന്നത് ഏറേ ശ്രദ്ധേയമായ കാര്യമാണ്. ഗതിനിര്‍ണയ സംവിധാനത്തിനാവശ്യമായ രൂപരേഖയും, ഭൗതികഘടകങ്ങളും ഹണിവെല്‍ നല്‍കും.

ഇതുപയോഗിച്ച് ആഭ്യന്തരമായി നിര്‍മ്മാണകിറ്റ് തയ്യാറാക്കാനാണ് ധാരണ. ഗതിനിര്‍ണയ സംവിധാനരംഗത്ത് ആദ്യമായിട്ടാണ് ഇന്ത്യ ഇത്രയും ആധുനികമായ സംവിധാനം നിര്‍മ്മിക്കാന്‍പോകുന്നതെന്ന് ഹണിവെല്‍ വ്യക്തമാക്കി. ആഭ്യന്തരപ്രതിരോധനിര്‍മ്മാണമേഖല വികസിപ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്ന് മേഖലയിലുളളവര്‍ പ്രതികരിച്ചു.

Top