പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാജഹാന് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് ചിറ്റൂര്‍ സ്വദേശിനി അഞ്ജുഷയെ കൊലപ്പെടുത്തിയ കേസിലാണ് ഷാജഹാനെ കോടതി ശിക്ഷിച്ചത്. കഞ്ചിക്കോട് വി വി കെ കോളജില്‍ ഒന്നാം വര്‍ഷം ബി കോം വിദ്യാര്‍ത്ഥിനിയായിരുന്നു പത്തൊന്‍പതുകാരിയായ അഞ്ജുഷ. കോളജില്‍ നിന്ന് കൂട്ടുകാരിക്കൊപ്പം ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന വഴി ബൈക്കിലെത്തിയ ഷാജഹാന്‍ അഞ്ജുഷയെ പിന്നില്‍ നിന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് മരിച്ചു. പാലക്കാട് അതിവേഗ കോടതി ഒന്ന് ആണ് കേസിന്റെ വാദം കേട്ടത്, ഐപിസി 302 അനുസരിച്ച് പ്രതി കുറ്റക്കാരനാണെന്ന് അതിവേഗ കോടതി ഒന്ന് ജഡ്ജി കെ.പി ജോണ്‍ ഉത്തരവിട്ടിരുന്നു.

Top