കൊല്‍ക്കത്ത: പ്രകോപനപരവും വിദ്വേഷംവമിക്കുന്നതുമായ നിലപാടുകളും അഭിപ്രായപ്രകടനങ്ങളുംകൊണ്ട് വിവാദനായകനായ ബംഗാള്‍ ബിജെപി നേതാവ് തഥാഗത് റോയിയെ ത്രിപുര ഗവര്‍ണറായി നിയമിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പരക്കുന്നു.
ഗുജറാത്ത് കലാപമടക്കമുള്ള സംഭവങ്ങളെ മഹത്ത്വവത്കരിക്കുന്നതടക്കമുള്ള ട്വീറ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിച്ച റോയിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തി.
പശ്ചിമബംഗാളില്‍ വിഭാഗീയത വളര്‍ത്തുന്നതും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അധിക്ഷേപിക്കുന്നതുമായ നിരവധി ട്വീറ്റുകള്‍, ട്വിറ്ററില്‍ ഒരുകൂട്ടം ആരാധകരുള്ള റോയ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, വ്യക്തിപരമായ നിലപാടുകളില്‍ ഖേദമില്ലെന്നും എന്നാല്‍, ഭരണഘടനാ ചുമതലയില്‍ വന്നതോടെ താന്‍ മറ്റൊരു വ്യക്തിയായിരിക്കുമെന്നും റോയ് ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് റോയ് എഴുതി, ‘പ്രായം എഴുപതിനോടടുത്തു നില്‍ക്കുന്നതിനാല്‍ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് ചിലപ്പോള്‍ തോന്നും. കാരണം, പശ്ചിമബംഗാളില്‍ ഇസ്ലാമിക ആധിപത്യം വരുന്നത് എനിക്ക് കാണേണ്ടിവരില്ലല്ലോ’.
രണ്ടാഴ്ചക്കുശേഷമുള്ള ട്വീറ്റ് ഇങ്ങനെ.
’39 വര്‍ഷത്തെ കപട ഇടതു ഭരണവും മമതയുടെ ഭരണവും ബംഗാളിനെ വ്യവസായങ്ങളുടെ മരുപ്പറമ്പാക്കുകയും ഇസ്ലാമിക ആധിപത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു’. ഗുജറാത്ത് കലാപത്തെ പറ്റിയും ലവ് ജിഹാദ് സംബന്ധിച്ചും റോയിയുടെ ട്വീറ്റുകള്‍ അതീവ പ്രകോപനപരമാണ്.
ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരസര്‍ക്കാര്‍ താങ്കളുടെ നിയമനത്തെ എതിര്‍ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘എന്റെ നിയമനത്തിന് മുമ്പ് ത്രിപുര മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തിയതാണ്. ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുള്ള ഈ നിയമനത്തെ പിന്നെ എങ്ങനെയാണ് എതിര്‍ക്കുക?’ എന്നായിരുന്നു തഥാഗത് റോയിയുടെ മറുപടി.


