തിരുവനന്തപുരം: യുവവ്യവസായി പോള്‍ മുത്തൂറ്റിനെ വധിച്ച കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറയും. കേസില്‍ 14 പ്രതികളാണുള്ളത്. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയകോളിളിക്കം സൃഷ്ടിച്ച കേസിന്റെ വിധിയാണ് ഇന്നുണ്ടാകുന്നത്.
2009 ആഗസ്റ്റ് 21ന് അര്‍ദ്ധരാത്രിയിലാണ് പോള്‍ മുത്തൂറ്റ് ആലപ്പുഴ ജ്യോതി ജംഷനില്‍ വച്ച് കുത്തേറ്റ് മരിക്കുന്നത്.
ചങ്ങനാശ്ശേരിയില്‍ നിന്നും മണ്ണഞ്ചേരിയിലേക്ക് പോവുകയായിരുന്ന ക്വട്ടേഷന്‍ സംഘവും പോളുമായി ഒരു വാഹന അപകടത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന കാരി സതീഷും സംഘവും പോള്‍ മുത്തിനെ കഴുത്തില്‍ കുത്തികൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് സിബിഐയുടെ കേസ്. ഗുണ്ടാ ആക്രമണത്തിനും ഗൂഡാലോചനക്കും രണ്ടു കുറ്റപത്രങ്ങളാണ് സിബിഐ സമര്‍ശിപ്പിച്ചത്.
രണ്ട് കുറ്റപത്രങ്ങളിലായി 14 പ്രതികളാണുള്ളത്. ജയചന്ദ്രന്‍, കാരി സതീഷ്, സത്താര്‍ തുടങ്ങിയ ഗുണ്ടകളാണ് പ്രധാന പ്രതികള്‍. ആദ്യം എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എംപോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതി സമീപിച്ചതോടെയാണ്, അന്വേഷണം സിബിഐക്ക് കോടതി കൈമാറിയത്. സംഭവം നടന്ന ദിവസം പോളും ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷുമാണ് ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്.
പോള്‍ കുത്തേറ്റ് വീണ ശേഷം വാഹനമായി കടന്നുകളഞ്ഞ രാജേഷിനെയും ഓം പ്രകാശിനയും പൊലീസ് പ്രതിയാക്കിയിരുന്നു. എന്നാല്‍ രണ്ടുപേരെ സിബിഐ സാക്ഷികളാക്കി. പൊലീസ് പ്രതിയാക്കി എട്ടു പേരെ സിബിഐ സാക്ഷിയാക്കുകയും ഏഴു പേരെ മാപ്പു സാക്ഷിക്കുകയും ചെയ്തു. പൊലീസിന്റെ പട്ടികയില്‍ ഇല്ലാത്ത നാലുപേരെ സിബിഐ പ്രതിയാക്കി.
ഏറെ വിവാദമായ എസ് കത്തിയും കോടതിയുടെ പരിഗണനക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത എസ് ആകൃതിയുളള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ,, കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് എസ് കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി.കെ.എം.ടോണി മൊഴിനല്‍കിയത് ശ്രദ്ധേയമാണ്.


