പെരുന്പാവൂരില്‍ വീണത് ഉല്‍ക്ക തന്നെ

കൊച്ചി: മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ തീ ഗോളത്തിനൊപ്പം ഭൂമിയില്‍ പതിച്ച വസ്തു ഉല്‍ക്ക തന്നെ. ഭൂമിയില്‍ പതിച്ച വസ്തുക്കളുടെ വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ദുരന്ത നിവാരണ അഥോറിറ്റി വിശദ പരിശോധനയ്ക്ക് അവശിഷ്ടം ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയ്ക്കു കൈമാറും.

പെരുമ്പാവൂര്‍ കുറുപ്പംപ്പടിയിലെ കൃഷിയിടത്തില്‍നിന്നു ലഭിച്ച അവശിഷ്ടം എറണാകുളത്തെ ദുരന്ത നിവാരണ അഥോറിറ്റി തലവന്‍ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ മുതിര്‍ന്ന ജിയോളജിസ്റ്റ് കെ.ആര്‍. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം വിശദമായി നടത്തിയ പരിശോധനയിലാണ് വീണത് ഉല്‍ക്ക തന്നെയെന്ന നിഗമനത്തില്‍ എത്തിയത്.

നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കി ഇത് ഉല്‍ക്കയുടെ ഭാഗമാണെന്ന നിഗമനത്തില്‍ ദുരന്ത നിവാരണ അഥോറിറ്റി എത്തിയിരിക്കുന്നതെന്നു ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്. തീരെ ചെറിയ അവശിഷ്ടമാണ് ലഭിച്ചിരിക്കുന്നതെങ്കിലും ഇതിന് ഏകദേശം ഒരു കിലോയോളം ഭാരം ഉണ്ട്. ഇതിന്റെ ഒരു ഭാഗം തട്ടിനോക്കിയപ്പോള്‍ വല്ലാത്ത തിളക്കമാണ് കാണാന്‍ കഴിഞ്ഞത്. ഇരുമ്പിന്റെയും നിക്കലിന്റെയും സജീവ സാന്നിധ്യം കണ്ടെത്താനായി. ലഭിച്ചിരിക്കുന്ന അവശിഷ്ടത്തില്‍ നിറയെ ചെറിയ സുഷിരങ്ങളുണ്ട്.

Top