പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്

ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാരും ക്രിമിനലുകളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മനസിലാക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. അച്ഛേ ദിന്‍ എന്നതിനു മോഡിയുടെ മന്ത്രമാണ് നിശബ്ദത, പുറത്താക്കല്‍, അറസ്റ്റ് എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ കാമ്പസിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തന്നെ തടഞ്ഞുവച്ചെന്ന് ആരോപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ പ്രശാന്ത് പ്രത്രബ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 15 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കള്‍ രാത്രി ഡയറക്ടറെ ക്യാംപസില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു. ക്യാംപസ് വിട്ട് പോകണമെന്ന് 2008 ബാച്ചിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പൂര്‍ത്തിയാക്കാതെ പോവില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് ഡയറക്ടറെ വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തത്.

പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠന സൗകര്യം ഒരുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.

Top