പുലിമുരുകനില്‍ മോഹന്‍ലാലിന് നായികയായി കമാലിനി മുഖര്‍ജി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കമാലിനി മുഖര്‍ജി നായികാ വേഷം അവതരിപ്പിക്കുന്നു.

ഇത് രണ്ടാം തവണയാണ് കമാലിനി വൈശാഖന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ വൈശാഖന്റെ കസിന്‍സ് എന്ന ചിത്രത്തിലും കമാലിനി ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു.

ഇതോടൊപ്പം ഷാജി എന്‍. കരുണിന്റെ മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കിലും വി.കെ പ്രകാശ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലും കമാലിനി അഭിനയിച്ചിട്ടുണ്ട്.

വന്യമൃഗങ്ങളോട് ഏറ്റുമുട്ടി ഉപജീവനം കഴിക്കുന്ന മുരുകന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലെ ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ബാഹുബലി, യന്തിരന്‍, ഏഴാം അറിവ് തുടങ്ങിയ സിനിമകളില്‍ പ്രേക്ഷകരെ കിടിലം കൊള്ളിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പൂര്‍ണത പകരുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിയറ്റ്‌നാമില്‍ ആരംഭിച്ചിരുന്നു. തമിഴ് താരം പ്രഭു അടക്കം അറുപതോളം താരങ്ങള്‍ ഈ മാസ് എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ഉണ്ട്.

ഉദയകൃഷ്ണസിബി കെ തോമസ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മിക്കുന്നത്

Top