പുറത്താക്കിയവരെയും പുറത്ത് പോയവരെയും തിരികെ കൊണ്ടുവരാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെയും വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരെയും തിരികെ കൊണ്ടുവരാന്‍ സിപിഎം നേതൃതീരുമാനം.

പാര്‍ട്ടിയുമായുള്ള ബന്ധം വേര്‍പെട്ടിട്ടും പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കാതെ നിഷ്‌ക്രിയരായി നില്‍ക്കുന്ന വലിയ വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.

ഇത്തരം നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെ പാര്‍ട്ടിയിലേക്ക് സജീവമാക്കിക്കൊണ്ടുവരാന്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ ഇടപെടണമെന്നാണ് പാര്‍ട്ടി തീരുമാനം.

നേതൃതലത്തില്‍ നേരത്തെയുണ്ടായ ധാരണയ്ക്ക് കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.

ഇതു സംബന്ധമായ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റികള്‍ക്കും തുടര്‍ന്ന് കീഴ്ഘടകങ്ങള്‍ക്കും സര്‍ക്കുലറായി നല്‍കും.

വിഭാഗീയതയുടെ ഭാഗമായാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പാര്‍ട്ടി നടപടിക്ക് വിധേയമാകേണ്ടി വരുന്നത്.

സിപിഎം വിടുന്നവരെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി -ആര്‍എസ് എസ് നേതൃത്വങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും നടപടിക്ക് വിധേയരായവര്‍ മടികൂടാതെ സംഘപരിവാര്‍ രാഷ്ട്രീയത്തോട് സഹകരിക്കുന്നതും ഗൗരവമായാണ് സിപിഎം നേതൃത്വം കാണുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് ഒരു പ്രധാന കാരണം സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ബിജെപി പാളയത്തിലെത്തിയതാണെന്ന് സിപിഎം ജില്ലാ നേതൃത്വത്തിന് സംസ്ഥാന കമ്മിറ്റിയില്‍ സമ്മതിക്കേണ്ടി വന്നു.

അനവധി വര്‍ഷങ്ങളായി പൊതു രംഗത്തുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കും ലോക്കല്‍ നേതാക്കള്‍ക്കും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും അവരുടെ സംഘടനാ പ്രവര്‍ത്തന മികവും ചില പഞ്ചായത്തുകളിലെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് ഗുണമായതായാണ് വിലയിരുത്തല്‍.

ഒരു വോട്ട് പോലും വിധി നിര്‍ണ്ണയിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടൊപ്പം ഇപ്പോഴില്ലാത്ത വിഭാഗത്തിന്റെ വോട്ട് ഏറെ നിര്‍ണ്ണായകമാണെന്നതും നിയമസഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളികളും നിലപാട് മാറ്റത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.

ന്യൂനപക്ഷ പ്രീണനം ആരോപിച്ച് ഭൂരിപക്ഷ വികാരം ഇളക്കിവിടാനുള്ള ബിജെപി- എസ്എന്‍ഡിപി യോഗ വെല്ലുവിളികളെ ചെറുക്കാനും പരിചയ സമ്പന്നരായ നേതൃത്വത്തിന്റെ അഭാവം പ്രാദേശിക മേഖലകളില്‍ കുറഞ്ഞ് വരുന്നതും പഴയ സഖാക്കളുടെ തിരിച്ച് വരവോടെ പരിഹരിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി.

സാധാരണഗതിയില്‍ സിപിഎമ്മില്‍ നിന്ന് നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കല്‍ സിപിഎമ്മിന്റെ സംഘടനാ രീതി വച്ച് എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല.

നടപടിക്ക് വിധേയരാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഘടകം തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ അഭിപ്രായപ്രകാരം മേല്‍ക്കമ്മിറ്റിയുടെ അംഗീകാരം കൂടി തേടിയ ശേഷമെ തിരിച്ചെടുക്കല്‍ പ്രക്രിയ നടക്കാറൊള്ളൂ.

പാര്‍ട്ടി അംഗത്തെ ബന്ധപ്പെട്ട ഘടകത്തിന്റെ അനുമതിയോടെ ജില്ലാ കമ്മിറ്റിക്കാണ് പുറത്താക്കാന്‍ അധികാരം.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് വിധേയരായവരെ വീണ്ടും പാര്‍ട്ടി രംഗത്തേക്ക് കൊണ്ടുവരാതിരിക്കാന്‍ ഏതെങ്കിലും നേതാവ് വിചാരിച്ചാല്‍ പോലും ഇനി നടക്കില്ല. കൂട്ടായ തീരുമാനം ഇക്കാര്യങ്ങളില്‍ ഉണ്ടാകുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

സംസ്ഥാനതലം തൊട്ട് പ്രാദേശിക ഘടകങ്ങളില്‍ വരെ വിഭാഗീയതയും ചില നേതാക്കളുടെ വ്യക്തി താല്‍പര്യവുമാണ് നല്ലൊരു വിഭാഗം കേഡറുകളെ സിപിഎമ്മിന് നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നത്.

90-2000 കാലഘട്ടങ്ങളില്‍ കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങിയും സംഘടനാ രംഗത്ത് സജീവമായിരുന്ന നിരവധി എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് വെട്ടിനിരത്തപ്പെട്ടിരുന്നത്.

ഇവരില്‍ നല്ലൊരു പങ്കും ഇപ്പോഴും നിഷ്‌ക്രിയരാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ കോഴിക്കോട് ജില്ലയില്‍ നിന്ന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ജില്ലാസംസ്ഥാന നേതൃരംഗത്ത് ഉണ്ടായിരുന്നവര്‍ വരെ പാര്‍ട്ടി വിട്ടു.

അടുത്തയിടെ അന്തരിച്ച മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് ബിമല്‍, എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ലാല്‍ കിഷോര്‍, ജില്ലാ പ്രസിഡന്റ് പി.സി രാജേഷ് തുടങ്ങിയ നല്ലൊരു വിഭാഗം നേതാക്കള്‍ക്കെതിരെ സിപിഎം ജില്ലാ നേതൃത്വം നടപടിയെടുത്തത് ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കടം വീട്ടാന്‍ പണം പിരിച്ച് നല്‍കിയതിനാണ്.

പൊതു സമൂഹത്തിന്റെ ഇടയില്‍ വലിയ രൂപത്തില്‍ സ്വാധീനവും സംഘടനാപരമായ നേതൃകഴിവുമുള്ള ഇത്തരം നിരവധി നേതാക്കളെ വി.എസ് -പിണറായി ചേരിപ്പോരിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും സിപിഎം പുറത്താക്കിയിട്ടുണ്ട്.

മുന്‍ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ നേതാക്കളാണ് അതില്‍ ബഹുഭൂരിപക്ഷവും.

വിഭാഗീയത സ്വന്തം ‘നേട്ടമാക്കി’ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചതാവട്ടെ സിപിഎമ്മിന്റെ കമ്യൂണിസ്റ്റ് മുഖവും നഷ്ടപ്പെടുത്തി.

ആര്‍എസ്എസ്- സിപിഎം ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്ന സമയത്ത് ശക്തമായി ഇരു ചേരികളിലായി സ്വന്തം കുടുംബത്തില്‍ പോലും ശത്രുക്കളെപോലെ പെരുമാറിയ ‘പാര്‍ട്ടി കൂറ്’ പ്രവര്‍ത്തര്‍ക്ക് കൈമോശം വന്നത് പാര്‍ട്ടിയിലെ തന്നെ തമ്മില്‍ തല്ലും നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യാധിഷ്ടിതമായ പ്രവര്‍ത്തനങ്ങളുമാണ്.

സിപിഎമ്മിനോട് കായികമായി ഏറ്റുമുട്ടുന്ന സാഹചര്യം പരമാവധി ബിജെപി -ആര്‍എസ്എസ് നേതൃത്വം ഒഴിവാക്കുന്നത് തന്നെ സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയും ആകര്‍ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടി കുടുംബത്തില്‍പോലും ബിജെപി അനുഭാവികളും പ്രവര്‍ത്തകരും വര്‍ധിക്കുന്നതായാണ് സിപിഎം കീഴ്ഘടകങ്ങള്‍ മേല്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ബിജെപി -എസ്എന്‍ഡിപി യോഗ കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് വിജയ സാധ്യതയ്ക്ക് ഭീഷണിയായതിനാല്‍ ഏത് വിധേനയും ചെറുക്കാനാണ് തീരുമാനം.

അതുകൊണ്ടുതന്നെയാണ് സംഘടനാ നടപടിക്ക് വിധേയരാക്കിയവരെ പോലും ആശ്രയിക്കാന്‍ സിപിഎം ഇപ്പോള്‍ നിര്‍ബന്ധിതമാകുന്നത്.

പാര്‍ട്ടി വിരുദ്ധ നടപടിക്ക് പുറത്താക്കിയ വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്.

സിപിഎം സംസ്ഥാന നേതാക്കളില്‍ ഇത്തരത്തില്‍ ഒരു അവബോധമുണ്ടാക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചതും പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വമാണ്.

നേരത്തെ സിപിഎമ്മില്‍ നിന്ന് നടപടിക്ക് വിധേയനായ വി.എസിന്റെ വിശ്വസ്തരായ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസിനെയും ഗോകുല്‍ ദാസിനെയും നേതൃസ്ഥാനത്ത് തിരികെ കൊണ്ടുവരാനും ഷൊര്‍ണൂര്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍ മുരളി, മുന്‍ ഒറ്റപ്പാലം എം.പി എസ് ശിവരാമന്‍ എന്നിവരെ പാര്‍ട്ടിയിലെടുക്കാനും സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെ നിര്‍ദ്ദേശം വച്ചതും പാലക്കാട് നിന്നുള്ള പ്രമുഖ നേതാവാണ്.

പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകരാതിരിക്കാന്‍ ജനകീയരായ നേതൃത്വമാണ് വേണ്ടതെന്ന പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ തീരുമാനമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ സിപിഎമ്മിന് തുണയായത്.

സംസ്ഥാനത്തെ സിപിഎം വിഭാഗീയത അതിന്റെ എല്ലാ സീമകളും ലംഘിച്ച് വെട്ടിനിരത്തിലില്‍ കലാശിക്കുന്നതിന് സാക്ഷ്യം വഹിച്ച ജില്ല തന്നെ, തിരുത്തലിനും തുടക്കം കുറിച്ചപ്പോള്‍ വൈകിയാണെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം ഇപ്പോള്‍ അതേ വഴി തിരഞ്ഞെടുത്തിരിക്കുകയാണ്.

ഓരോ പ്രദേശത്തെയും ജില്ലകളിലെയും പ്രധാന പ്രവര്‍ത്തകരായിരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരുന്നതിന് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്താനാണ് തീരുമാനം. ബന്ധപ്പെട്ട ഘടകങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്വന്തം ജീവന്‍ തന്നെ നല്‍കാന്‍ പഠിച്ച കേഡര്‍മാരില്‍ പുറത്ത് പോയ എത്ര പേര്‍ ഇനി തിരിച്ച് വരുമെന്നതാണ് കണ്ടറിയേണ്ടത്. നടപടിക്ക് വിധേയരായവരില്‍ നല്ലൊരു പങ്കും മറ്റ് പാര്‍ട്ടികളില്‍ പോകാതെ നിഷ്‌ക്രിയരായി നില്‍ക്കുന്നത് സിപിഎമ്മിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്.

പാര്‍ട്ടി അച്ചടക്ക നടപടികളുടെ കാര്യത്തില്‍ മുന്‍കാലത്തെപോലെ കര്‍ക്കശനിലപാട് ഇനി ഉണ്ടാകില്ലെന്നാണ് സൂചന. തികച്ചും അനിവാര്യമായ ഘട്ടത്തില്‍ മാത്രം കര്‍ക്കശ നടപടി മതിയെന്നാണ് നിര്‍ദ്ദേശം. അതും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രം.

അച്ചടക്കം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ പാര്‍ട്ടി കേഡറുകളെ എതിരാളികളുടെ കൂടാരത്തിലേക്ക് തള്ളി വിടാതിരിക്കാനാണിത്.

Top