തിരുവനന്തപുരം: ശക്തമായ ചില ചുവടുവയ്പുകളിലൂടെ ഭരണ രംഗത്ത് ശ്രദ്ധേയനാവുകയും ചുരുങ്ങിയ കാലംകൊണ്ട് മികച്ച മന്ത്രിയെന്ന പേര് സമ്പാദിക്കുകയും ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പുതുവര്‍ഷം കല്ലുകടിയായി. വിജിലന്‍സ്, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഐപിഎസ് ഓഫീസര്‍മാരായ ടോമിന്‍ തച്ചങ്കരിക്കും ശ്രിജിത്തിനും ഉദ്യോഗക്കയറ്റം നല്‍കിയ നടപടിയാണ് പുതുവര്‍ഷത്തില്‍ ആദ്യം ചെന്നിത്തലയ്ക്ക് തിരിച്ചടിയായത്.
തന്റെ അറിവോടെയല്ല ഉദ്യോഗക്കയറ്റം നല്‍കിയതെന്ന ഡിസംബര്‍ 31ലെ ആഭ്യന്തര മന്ത്രിയുടെ പ്രതികരണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുത്ത ദിവസംതന്നെ പുതുവര്‍ഷദിനമാണ്.
വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പാടവരമ്പത്തുകൂടെ ഏറെ ദൂരം നടന്നും മാവോയിസ്റ്റ് പൊലീസ് ഏറ്റുമുട്ടല്‍ നടന്ന ചാപ്പ കോളനിയിലെ ആദിവാസികള്‍ക്കൊപ്പം പുതുവത്സരം ആഘോഷിച്ചും താരമായ ചെന്നിത്തലയ്ക്ക് പുതുവര്‍ഷമേറ്റ ആദ്യ പ്രഹരമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ആഭ്യന്തരമന്ത്രിയുടെ അറിവോടെ തന്നെയാണ് തച്ചങ്കരി അടക്കമുള്ളവര്‍ക്ക് പ്രമോഷന്‍ നല്‍കിയതെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നത്.
ആഭ്യന്തരമന്ത്രി കള്ളം പറഞ്ഞു എന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ പ്രചരണമായത് ചെന്നിത്തല ക്യാമ്പിനെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ബാര്‍ വിഷയത്തില്‍ സുധീരനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്‍തുണ നല്‍കി ശക്തമായി കൂടെ നിന്ന ചെന്നിത്തലയോട് നന്ദികേടാണ് മുഖ്യമന്ത്രി കാട്ടിയതെന്നാണ് ചെന്നിത്തല അനുകൂലികളുടെ പരിഭവം.
മുഖ്യമന്ത്രി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അസ്വസ്ഥമായ മനസുമായി വയനാടന്‍ മലയിറങ്ങി തലസ്ഥാനത്തേക്ക് തിരിച്ച ആഭ്യമന്തര മന്ത്രിക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ രണ്ടാമത്തെ തിരിച്ചടിയുടെ വാര്‍ത്തയും ലഭിച്ചു. മാവോയിസ്റ്റ് വേരറുക്കാന്‍ വയനാട് സന്ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രിക്ക് തൊട്ടടുത്ത ജില്ലയായ കണ്ണൂര്‍ നെടുംപൊയിലിലെ ക്വാറി ആക്രമിച്ചാണ് മാവോയിസ്റ്റുകള്‍ മറുപടി നല്‍കിയത്. സംഭവസ്ഥലത്തേക്ക് നാല്മണിക്കൂറിന് ശേഷമാണ് പൊലീസിന് എത്താനായത് എന്നതും ആഭ്യന്തര മന്ത്രിക്ക് നാണക്കേടായി.
ഈ സ്ഥലത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും പൊലീസിന് ജാഗ്രത പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല മാവോയിസ്റ്റ് വേട്ടക്ക് ഉപയോഗിക്കാന്‍ കാടുകളില്‍ സുഗമമായി സഞ്ചരിക്കാന്‍ വാങ്ങിയ വിദേശ നിര്‍മ്മിത ജീപ്പും ഇവിടെ പൊടിപിടിച്ച് കിടക്കുകയാണ്.
തങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പൊലീസിന് കഴിയില്ലെന്നും പ്രതികരണങ്ങള്‍ തുടരുമെന്നുമുള്ള മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് കണ്ണൂരിലെ മാവോയിസ്റ്റ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.
അടുത്തയിടെ എറണാകുളം നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ്,തിരുനെല്ലിയിലെ റിസോര്‍ട്ട്, പാലക്കാട്ടെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് ഉള്‍പ്പെടെയുള്ളവ മാവോയിസ്റ്റുകള്‍ ആക്രമിച്ചിരുന്നു. പാലക്കാട്ടെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് യുവാക്കള്‍ ഇപ്പോള്‍ ജയിലിലുമാണ്.
നേരത്തെ ആഭ്യന്തര മന്ത്രിയുടെ പ്രസ്റ്റീജ് ‘ഓപ്പറേഷനായ’ ബ്ലേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേരയുടെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ പലിശക്കാരനുമായി പൊലീസുകാരന്‍ ഒത്തുകളി നടത്തുന്നതിന്റെ ടെലിഫോണ്‍ സംഭാഷണവും മാവോയിസറ്റുകള്‍ പുറത്തുവിട്ടിരുന്നു.


