തിരുവനന്തപുരം: പി.സി ജോര്‍ജിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വവുമായി ജോസഫ് ഗ്രൂപ്പും ഇടയുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കും മകന്‍ ജോസ് കെ. മാണിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ജോസഫ് ഗ്രൂപ് നേതാക്കള്‍ 17-ന് നടക്കുന്ന ഉന്നതാധികാര സമിതിയോഗത്തില്‍ ആവശ്യപ്പെടും.
പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ലയനകാലം മുതല്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് മാണി സ്വീകരിക്കുന്നതെന്നുമാണ് ജോസഫിനൊപ്പം നില്‍ക്കുന്നവരുടെ വികാരം.
പി.ജെ ജോസഫിനോട് ചര്‍ച്ച ചെയ്‌തെന്ന് വരുത്തി തീരുമാനങ്ങള്‍ സ്വീകരിക്കുകയാണ് മാണിയും മകനും ചെയ്യുന്നതത്രെ. ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജോസഫ് ഗ്രൂപ്പിലെ എംഎല്‍എമാരെ പരിഗണിക്കാതിരുന്നതിലും ഇവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
ജോസ് കെ. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ ജോസഫ് ക്യാമ്പിന് സന്തോഷം പകരുന്നുമുണ്ട്. സരിത വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തിലും ജോസ് കെ. മാണിയുടെ പേരുവന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായും ഇവര്‍ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് തങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ ജോസ് കെ. മാണി ശ്രമിച്ചതിനുള്ള തിരിച്ചടിയായാണ് പുതിയ സംഭവവികാസങ്ങളെ ഇവര്‍ വിശേഷിപ്പിക്കുന്നത്.
സഹമന്ത്രി സ്ഥാനം ലഷ്യമിട്ട് ജോസ്.കെ മാണി ജോര്‍ജിനെ കൊണ്ട് ഇടുക്കി വേണ്ടെന്ന് പരസ്യമായി പറയിക്കുകയായിരുന്നുവത്രെ. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ പുറത്താക്കാന്‍ സ്വീകരിച്ച സമ്മര്‍ദം എന്തുകൊണ്ട് ഇടുക്കി സീറ്റിനായി മാണി അന്ന് പ്രയോഗിച്ചില്ലെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കുറ്റപത്രം വന്നാല്‍ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കും. തങ്ങളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന തിരിച്ചറിവാണ് ജോസഫിനൊപ്പം നില്‍ക്കുന്ന നേതാക്കളെ ഏതിര്‍പ്പുമായി രംഗത്തത്തൊന്‍ പ്രേരിപ്പിക്കുന്നത്.
പി.സി തോമസ് വിഭാഗത്തെ കേരള കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്താന്‍ മാണി നടത്തുന്ന നീക്കത്തിലും ജോസഫ് വിഭാഗം അസ്വസ്ഥരാണ്.
അതേസമയം, ജോസഫിനൊപ്പം നില്‍ക്കുന്ന താഴത്തേട്ടിലെ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും കടുത്ത പ്രതിഷേധം തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും പാര്‍ട്ടിയില്‍ മൗനം തുടരുന്നത് സീറ്റ് ചര്‍ച്ചകളില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് പ്രതിഷേധം. ഇതോടെയാണ് പാര്‍ട്ടി യോഗത്തില്‍ ഏതിര്‍പ്പ് അറിയിക്കാന്‍ ജോസഫ് ഗ്രൂപ്പ് തീരുമാനിച്ചത്.
ഇടതുമുന്നണി ഘടകകക്ഷിയായപ്പോഴായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ സുവര്‍ണ്ണ കാലം. മന്ത്രി സ്ഥാനത്തിനൊപ്പം ഇടുക്കി എം.പി സ്ഥാനവും ജോസഫ് വിഭാഗത്തിനു ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ താഴെതട്ടിലെ പ്രവര്‍ത്തകര്‍ക്കും മികച്ച പരിഗണന ലഭിച്ചിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസ് (എം)ല്‍ ലയിച്ചപ്പോള്‍ ഇവയെല്ലാം നഷ്ടമായി. കത്തോലിക്കാസഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് വി.എസ് മന്ത്രിസഭയിലെ മന്ത്രി സ്ഥാനം രാജിവെച്ച് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് (എം)ല്‍ ലയിച്ചത്.
കേരള കോണ്‍ഗ്രസിലെ 9 എംഎല്‍എമാരില്‍ മൂന്നു പേരാണ് ജോസഫ് വിഭാഗത്തിലുള്ളത്. പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, ടി.യു കുരുവിള എന്നിവരാണ് ഗ്രൂപ്പിനൊപ്പമുള്ളത്.
ജോസഫ് ഗ്രൂപ്പും പി.സി ജോര്‍ജും ഇടതുമുന്നണിയിലേക്കു പോയാല്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴും. എന്നാല്‍ തിടുക്കപ്പെട്ട് ഈ നീക്കം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


