കോട്ടയം: കേരള കോണ്‍ഗ്രസ്-എം ല്‍ നിന്ന് പി.സി.ജോര്‍ജിനെ പുറത്താക്കിയാല്‍ നിയമസഭയില്‍ എല്‍ഡിഎഫുമായി സഹകരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കര തെരഞ്ഞെടുപ്പിനു ശേഷം കേരള രാഷ്ട്രീയത്തില്‍ വമ്പിച്ച മാറ്റം വരും. യുഡിഎഫ് തകര്‍ന്നടിയുമെന്നും കോടിയേരി പറഞ്ഞു. കോട്ടയത്ത് സിപിഎമ്മിന്റെ ത്രിദിന കൂട്ട ഉപവാസം ഉദ്ഘാടം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ വിലയിടിവിനു പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ചും ഇറക്കുമതി തടയുക, ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുക, വില സ്ഥിരതാ ഫണ്ട് ഉപയോഗിക്കുക, റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുക, അവധി വ്യാപാരം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന കൂട്ട ഉപവാസം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അധികാരത്തില്‍ ഇരുന്നപ്പോള്‍ റബര്‍ കര്‍ഷകരെ കോണ്‍ഗ്രസ് മറന്നു. ഇപ്പോള്‍ അധികാരമില്ലാത്തപ്പോള്‍ റബര്‍ കര്‍ഷകരെ എങ്ങനെ വഞ്ചിക്കാമെന്നാണ് രാഹുല്‍ ഗാന്ധി പരിശോധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയിലെ കൂട്ട ഉപവാസം 15ന് സമാപിക്കും.


