പിരിച്ചുവിടല്‍: ടെക്കിക്ക് 12.5 ലക്ഷം നല്‍കാന്‍ യുഎസ് കമ്പനിക്ക് നിര്‍ദേശം

ബംഗ്ലൂര്‍: ഐടി കമ്പനി ജീവനക്കാര്‍ക്ക് ആശ്വസിക്കാം. അന്യായമായി പിരിച്ചുവിട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ടെന്നു ബംഗളുരു ലേബര്‍ വകുപ്പ്. യുഎസ് ആസ്ഥാനമായ ഐടി കമ്പനിക്കെതിരേ ഇരുപത്തിയേഴുകാരി നല്‍കിയ പരാതിയിലാണു ലേബര്‍ വകുപ്പ് ഉത്തരവിട്ടത്. അന്യായമായി പിരിച്ചു വിട്ടതിന്റെ പേരില്‍ യുവതിക്കു 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. ബംഗളൂരുവിലെ സി.വി. രാമന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന കമ്പനിക്കെതിരേയാണു നടപടി. 2013 ലാണു യുവതിയെ കമ്പനി പുറത്താക്കിയത്. തന്റെ പക്കല്‍ നിന്നു യാതൊരു വിശദീകരണം പോലും ചോദിച്ചില്ലെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ ഓഫിസില്‍ നിന്ന് ബലം പ്രയോഗിച്ചു പുറത്താക്കിയെന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. യുവതിയുടെ വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Top